മഞ്ചേരി: കനത്ത ചൂടിൽ വിയർത്ത് ഗവ. മെഡിക്കൽ കോളജിലെ ഒ.പിയിലെത്തുന്ന ഡോക്ടർമാരും രോഗികളും. ചൂടുകാരണം ശ്വാസം മുട്ടുകയാണ് ആശുപത്രിയിലെത്തുന്നവർ. കഴിഞ്ഞ ദിവസം ഗൈനക്കോളജി ഒ.പിയിൽ ചികിത്സക്കിടെ ഡോക്ടർ കുഴഞ്ഞുവീണത് ആശങ്കക്കിടയാക്കിയിരുന്നു. അൽപനേരം വിശ്രമിച്ച ശേഷമാണ് ഇവർ വീണ്ടും രോഗികളെ പരിശോധിച്ചത്. വായുസഞ്ചാരം കുറഞ്ഞ സ്ഥലത്താണ് ആശുപത്രിയിലെ 12 ഒ.പികൾ പ്രവർത്തിക്കുന്നത്. പല ഒ.പികളിലും സ്ഥലപരിമിതി വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. രോഗികൾ കൂടുതലായെത്തുന്ന ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഇ.എൻ.ടി എന്നിവയിൽ സ്ഥിതി രൂക്ഷമാണ്.
ഡോക്ടർമാർക്കൊപ്പം മെഡിക്കൽ വിദ്യാർഥികളും ഒ.പിയിലുണ്ടാകും. ഇതിന് പുറമെ രോഗിയും കൂടെ ഒരാളും കൂടി കയറുന്നതോടെ നിൽക്കാൻ പോലും സ്ഥലമുണ്ടാകില്ല. ഓരോ വിഭാഗത്തിലും മൂന്നും നാലും ഡോക്ടർമാർ പരിശോധനക്ക് ഉണ്ടാകും. ഒ.പി ഹാളിലും ടിക്കറ്റ് കൊടുക്കുന്ന സ്ഥലത്തും രോഗികൾ കൂടുതലായി എത്തുന്നതോടെ വിയർത്തു കുളിക്കുകയാണ് പലരും. കുട്ടികളുമായി എത്തുന്നവരും പ്രയാസപ്പെടുകയാണ്. സ്ഥലമപരിമിതിക്കൊപ്പം വെന്റിലേഷൻ സൗകര്യം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മതിയായ സൗകര്യം ഒരുക്കിയില്ലെങ്കിൽ പരിശോധന നിർത്തിവെക്കുമെന്ന് ചില ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.