മഞ്ചേരി: 2018ലെ പ്രളയത്തിൽ തകർന്ന ആനക്കയം പെരിമ്പലം-വള്ളിക്കാപറ്റ തൂക്കുപാലം പുനർനിർമാണം പൂർത്തിയാക്കി ഞായറാഴ്ച നാടിന് സമർപ്പിക്കും. വൈകീട്ട് അഞ്ചിന് പി. ഉബൈദുല്ല എം.എൽ.എ തൂക്കുപാലം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ അധ്യക്ഷത വഹിക്കും.
രണ്ടുവർഷം മുമ്പ് ആരംഭിച്ച പ്രവൃത്തി പാതിവഴിയിൽ നിലച്ചത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എയും നാട്ടുകാരും ഇടപെട്ടാണ് പ്രവൃത്തി പുനരാരംഭിച്ചത്. ആനക്കയം പഞ്ചായത്തിലെ പെരിമ്പലത്തെയും കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപറ്റയെയും ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം. പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പത്ത് ലക്ഷവും ആനക്കയം പഞ്ചായത്തും ജില്ല പഞ്ചായത്തും 15 ലക്ഷം വീതവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും തൂക്കുപാലം പുനർനിർമാണത്തിന് വകയിരുത്തിയിരുന്നു.
പാലം തകർന്നതോടെ വിദ്യാർഥികൾ, കർഷകർ, പൊതുജനങ്ങൾ എന്നിവർക്ക് അടക്കം വലിയ പ്രയാസം നേരിട്ടിരുന്നു. ബസ് സർവിസിന്റെ അപര്യാപ്തത മൂലം തൊട്ടടുത്ത ടൗണുകളിൽ എത്തിപ്പെടാൻ പ്രയാസമനുഭവിക്കുന്ന പെരിമ്പലത്തുകാർക്ക് തൂക്കുപാലം പുനർ നിർമിച്ചതോടെ എളുപ്പത്തിൽ സംസ്ഥാന പാത കടന്നുപോകുന്ന കാഞമ്മണ്ണയിൽ എത്തിച്ചേരാനാകും.
ഉദ്ഘാടന ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ, കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. ഹുസൈൻ, മുൻ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, മറ്റു ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.