മഞ്ചേരി: കോവിഡ് പോസിറ്റിവാണെന്ന ഒറ്റക്കാരണത്താൽ സ്വകാര്യ ആശുപത്രികളിൽനിന്ന് ഗർഭിണികളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയക്കുന്നത് തുടർക്കഥയാകുന്നു. ആരോഗ്യ മന്ത്രിയുടെയും ജില്ല മെഡിക്കൽ ഓഫിസറുടെയും ഉത്തരവുകൾ അവഗണിച്ചാണ് രോഗികളെ മഞ്ചേരിയിലേക്ക് അയക്കുന്നത്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഗർഭിണികളുടെ എണ്ണം ദിനേന വർധിച്ച് വരുകയാണ്.
രണ്ട് ദിവസത്തിനിടെ നിരവധി പേരാണ് ഇത്തരത്തിൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. എത്തിയവരിൽ ഭൂരിഭാഗം പേരും ഗുരുതരമല്ലാത്ത രോഗികളാണെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ മെഡിക്കൽ കോളജിൽ ഗർഭിണികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന ഗർഭിണികൾ കോവിഡ് പോസിറ്റിവായാൽ അവിടെ ചികിത്സ തുടരുന്നതിന് പകരം അവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണ്. ഇതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തി ജില്ല മെഡിക്കൽ ഓഫിസർ ഉത്തരവിറക്കിയത്. എന്നാൽ, ഇത് സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ല.
കാറ്റഗറി എ, ബി വിഭാഗത്തിൽപെട്ടവരെ അതത് കേന്ദ്രത്തിൽ തന്നെ ചികിത്സിക്കണമെന്നും സി കാറ്റഗറിയിൽപെട്ട രോഗികളെ മാത്രം റഫർ ചെയ്താൽ മതിയെന്നും നിർദശമുണ്ട്. സ്വകാര്യ ആശുപത്രികളിലെ നിലവിലെ കിടക്കകളുടെ പകുതി കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്ന സർക്കാർ ഉത്തരവും നിലവിലുണ്ട്. ഇതെല്ലാം മറികടന്നാണ് ഗർഭിണികളെ മഞ്ചേരിയിലേക്ക് അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.