മഞ്ചേരി: നിർമാണം പൂർത്തിയായിട്ടും പുഴങ്കാവ് തടയണ നോക്കുകുത്തി. ഉദ്ഘാടനം ചെയ്യാൻ മന്ത്രിയെ കിട്ടാത്തതാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കാതിരിക്കാൻ കാരണം. ഇതോടെ ഷട്ടർ അടച്ച് ജലസംരക്ഷണത്തിനും നടപടി ഇല്ല. കടലുണ്ടിപ്പുഴയിൽ പുഴങ്കാവിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനുവേണ്ടി ഹൈദരാബാദിലെ കമ്പനിയാണ് നിർമാണം നടത്തിയത്. 12 കോടി രൂപയായിരുന്നു ചെലവ്. നിർമാണം പൂർത്തിയായെന്ന് കമ്പനി പറയുന്നു. എന്നാൽ ഇറിഗേഷൻ വകുപ്പിനു തടയണ കൈമാറിയിട്ടില്ലെന്നാണ് ജലസേചന വകുപ്പ് അധികൃതർ പറയുന്നത്. കടലുണ്ടിപ്പുഴയിൽ പുഴങ്കാവിൽ 70 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിച്ചത്.
തടയണയുടെ പ്രയോജനം ലഭിക്കാൻ മഴ കുറയുന്നതോടെ ഷട്ടർ അടച്ച് പുഴയിലെ വെള്ളം തടഞ്ഞു നിർത്തണമെന്ന ആവശ്യത്തോട് അധികൃതർ പ്രതികരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആറുമാസം മുമ്പ് നിർമാണപ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഈ വർഷം മഴ കുറഞ്ഞതോടെ പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. അടുത്ത വേനലിലെങ്കിലും പദ്ധതിയുടെ പ്രയോജനം കിട്ടാൻ ഷട്ടർ അടച്ച് വെള്ളം കെട്ടി നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ മാസങ്ങളായി ഇവിടെ ഒരുജോലിയും നടക്കുന്നില്ല. തടയണയുടെ ഉദ്ഘാടനം നടത്തി സമീപ പ്രദേശങ്ങളിലെ കർഷകർക്ക് പ്രയോജനം ലഭിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തടയണ ഉദ്ഘാടനം വൈകുന്നത് ചെറുകിട ജലസേചന പദ്ധതികൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും തടസ്സമാവുകയാണ്. തടയണ പ്രവർത്തനസജ്ജമായാൽ ഇതിൽനിന്നുള്ള വെള്ളം കനാൽവഴി സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതിന് നേരത്തെ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ സാധ്യത പരിശോധിക്കാൻ ജലവകുപ്പ് അസി. എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം തടയണ സന്ദർശിച്ചെങ്കിലും തുടർനടപടികൾ ഉണ്ടാകണമെങ്കിൽ തടയണ പ്രവർത്തിച്ച് തുടങ്ങണം. തടയണ പ്രവർത്തിച്ചുതുടങ്ങിയാൽ ഇവിടെ അഞ്ചുമീറ്റർ ഉയരത്തിൽ വെള്ളം കെട്ടിനിർത്താൻ സാധിക്കും.
ഇതോടെ ഒന്നരക്കിലോമീറ്റർ പരിധിയിൽ വെള്ളം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുഴയിലെ ജലനിരപ്പ് ഉയരുന്നതോടെ പയ്യനാട്, പന്തല്ലൂർ, വെട്ടിക്കാട്ടിരി വില്ലേജുകളിലെ നൂറുകണക്കിനു ഏക്കർ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാൻ കഴിയും. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കടലുണ്ടി പുഴയുമായി ബന്ധപ്പെട്ട എല്ലാ കുടിവെള്ള പദ്ധതികൾക്കും തടയണ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.