224 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടിയ ഭൂമിയാണിത്. ജൂലൈ രണ്ട്, മൂന്ന് തിയതികളിൽ പയ്യനാട് വില്ലേജ് ഓഫിസിന് എതിർവശത്തെ മാനൂസ് കൺവെൻഷൻ സെന്ററിലാണ് ക്യാമ്പ്
മഞ്ചേരി: ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജിൽ ഉൾപ്പെട്ട സത്രം വക ഭൂമി കൈവശക്കാർക്ക് പതിച്ചുനൽകാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കൊനൊരുങ്ങി റവന്യൂ വിഭാഗം. ജൂലൈ രണ്ട്, മൂന്ന് തിയതികളിലായി പയ്യനാട് വില്ലേജ് ഓഫിസിന് എതിർവശത്തെ മാനൂസ് കൺവെൻഷൻ സെന്ററിലാണ് ക്യാമ്പ്.
നിലവിൽ പട്ടയം ലഭിച്ചിട്ടില്ലാത്ത കൈവശക്കാർക്ക് സ്വമേധയാ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനായി പയ്യനാട് വില്ലേജ് ഓഫിസർ എൻ. പ്രതാപനെ ചുമതലപ്പെടുത്തി തഹസിൽദാർ എം.കെ. കിഷോർ ഉത്തരവിറക്കി. 24 സർവേ നമ്പറുകളിലായി വ്യാപിച്ചു കിടക്കുന്ന 36.49 ഏക്കർ ഭൂമിയാണ് കൈവശക്കാർക്ക് നൽകുന്നത്. 224 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടിയ ഭൂമിയാണിത്.
ഈ ഭൂമി സെറ്റിൽമെൻറ് രജിസ്റ്ററിൽ സ്വകാര്യ വ്യക്തികളുടെ പേരിൽ സ്വകാര്യ ഭൂമിയായാണ് രേഖപ്പെടുത്തിയിരുന്നത്. പുറമ്പോക്ക് രജിസ്റ്ററിൽ സത്രം ഭൂമി എന്നും രേഖപ്പെടുത്തിയിരുന്നു.
സാധുവായ ആധാരങ്ങളുടെ അടിസ്ഥാനത്തിൽ കൈവശം വെച്ചിട്ടുള്ള അപേക്ഷകരിൽ നിന്ന് ഭൂനികുതി സ്വീകരിക്കുന്നതിനും സാധുവായ ആധാരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഭൂമി കൈവശം വെക്കുന്ന അപേക്ഷകർക്ക് ലാൻഡ് ട്രൈബ്യൂണൽ മുഖേ ക്രയവിക്രയ സർട്ടിഫിക്കറ്റ് നൽകുന്നതിനും കഴിഞ്ഞ മേയ് 18ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
സർക്കാറിന്റെ നൂറ് ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പട്ടയം നൽകാനായി ജില്ല കലക്ടറും കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താലൂക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പ് നടത്തുന്നത്.
ക്യാമ്പിന്റെ നടത്തിപ്പിനായി ജീവനക്കാരെയും നിയമിച്ചു. എം. അബ്ദുൽ അസീസ് (ജൂനിയർ സൂപ്രണ്ട്), എം. വിനീത് (സ്പെഷ്യൽ വില്ലേജ് ഓഫിസർ, പയ്യനാട്), സി.സി. പ്രദീപ് (സ്പെഷ്യൽ വില്ലേജ് ഓഫിസർ, കാവനൂർ), എം. ഷംസുദ്ദീൻ (സീനിയർ ക്ലർക്ക്), ക്ലർക്കുമാരായ പി.പി. രജീഷ്, യു. കുഞ്ഞഹമ്മദ്, എ.എസ്. വിപിൻ, തൃക്കലങ്ങോട് വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ജിഷ പുന്നക്കുഴി, ഓഫിസ് അറ്റന്റന്റുമാരായ കെ. പ്രജിത, ടി. നിഷ എന്നിവരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
പട്ടയത്തിനായി ലഭിക്കുന്ന രേഖകൾ പരിശോധിച്ച് ററിപ്പോർട്ട് തയാറാക്കി ഭൂപരിഷ്കരണ വിഭാഗം സ്പെഷ്യൽ തഹസിൽദാർക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്. ക്യാമ്പിന് നിയോഗിച്ച ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് തഹസിൽദാറുടെ ചേംബറിൽ നടക്കും.
മഞ്ചേരി അത്തൻകുട്ടി കരിക്കളുടേതായിരുന്നു ഈ ഭൂമി. മലബാറിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പഴശ്ശി രാജാവുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തതിനെ തുടർന്ന് മഞ്ചേരി അത്തൻകുട്ടി കുരിക്കളെ വധിക്കുകയും 1800കളിൽ ഈ ഭൂമി ബ്രിട്ടീഷുകാർ കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് മകനായ കുഞ്ഞഹമ്മദ് കുട്ടിയുടെ അപേക്ഷ പ്രകാരം ഈ ഭൂമി ബ്രിട്ടീഷുകാർ തിരികെ നൽകി.
നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഭൂമി തിരികെ നല്‍കിയത്. കൈവശക്കാര്‍ക്ക് പൂര്‍ണ അവകാശത്തോടെ ഭൂമി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് 1976ല്‍ കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
പയ്യനാട് പരേതനായ വി.എം. അബുഹാജി, മാഞ്ചേരി അഹമ്മദ് കുരിക്കൾ, പി.വി. മുഹമ്മദ് എന്നിവർ വർഷങ്ങളായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സർക്കാർ ഭൂനികുതി സ്വീകരിക്കാൻ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.