മഞ്ചേരി: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതോടെ മഞ്ചേരിയിലും ചേരിപ്പോര് തുടങ്ങി. ഗ്രൂപ് തിരിഞ്ഞാണ് ഇപ്പോൾ പ്രവർത്തനം. പ്രസ്താവനകളും മറ്റും പുറത്തിറക്കുന്നതും ഇതേ രീതിയിൽ തന്നെ. തിങ്കളാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ മഞ്ചേരിയിലെത്തിയപ്പോൾ വഹാബ് പക്ഷം മന്ത്രിക്ക് കാര്യമായ പരിഗണന നൽകിയില്ല. എന്നാൽ, പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാനും വിഭാഗീയത അവസാനിപ്പിക്കാനുമായി സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിയെ നിയമിച്ച ഐ.എൻ.എൽ ദേശീയ സമിതി തീരുമാനം ധീരവും സ്വാഗതാർഹവുമാണെന്നായിരുന്നു ഐ.എൻ.എൽ മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന. ജില്ല സെക്രട്ടേറിയറ്റ് അംഗം സലാം കുരിക്കൾ ഉദ്ഘാടനം ചെയ്തു. കുറ്റിക്കാടൻ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നാസർ വല്ലാഞ്ചിറ, യാസർ പട്ടർക്കുളം, അബു പുല്ലൂർ, കാരാട്ട് ഹസൻ, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, അംഗത്വ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടെന്ന് പറയുന്ന മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം. അബ്ദുൽകരീം, സെക്രട്ടറി അലവി മാര്യാട് എന്നിവർ തങ്ങൾ വഹാബ് പക്ഷത്തോടൊപ്പമാണെന്ന് പറഞ്ഞു.
ദേശീയ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും എൻ.വൈ.എൽ ഭാരവാഹികളും പറഞ്ഞു. ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളും സംസ്ഥാന പ്രസിഡൻറ് ആയിരുന്ന പ്രഫ. എ.പി. അബ്ദുൽ വഹാബിന് പിന്തുണ നൽകുമെന്നും ഇവർ പറഞ്ഞു. നാഷനൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂർ താനൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ, സെക്രട്ടറിമാരായ സാലി മഞ്ചേരി, എൻ.എം. മഷ്ഹുദ്, കലാം ആലുങ്ങൽ, ജില്ല ട്രഷറർ റഹീം വട്ടപ്പാറ, സെക്രട്ടേറിയറ്റ് അംഗങ്ങളായ അൻവർ തുവ്വൂർ, സഫീർ പട്ടർക്കുളം, സിദ്ദീഖ് ഉള്ളാടംകുന്ന് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.