മഞ്ചേരി: ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ 'പുഷ്പ' സിനിമയിലെ 'ശ്രീവല്ലി' ഗാനം ആലപിച്ച് വിദ്യാർഥികൾ. അധ്യാപിക വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ടീച്ചറും കുട്ടികളും വൈറലായി. മഞ്ചേരി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂൾ അഞ്ചാം ക്ലാസിലെ കുട്ടികളും അധ്യാപിക സുമയ്യ സുമവുമാണ് ക്ലാസിൽ പാട്ടുപാടി താരങ്ങളായത്. കഴിഞ്ഞദിവസം ക്ലാസിൽ വ്യക്തിശുചിത്യവും സാമൂഹിക ശുചിത്വവും സംബന്ധിച്ച ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. ക്ലാസെടുത്തശേഷം അധ്യാപിക വിദ്യാർഥികൾക്കായി ചില പോയിൻറുകൾ ബോർഡിൽ എഴുതുന്നതിനിടെ മിൻഹാൽ എന്ന വിദ്യാർഥി ബെഞ്ചിലിരുന്ന് 'ശ്രീവല്ലി' ഗാനം മൂളാൻ തുടങ്ങി. ''ബോർഡിൽ നോക്കി അത് എഴുതിയെടുക്കെടാ കുട്ടാ''- എന്ന് ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു. ''ടീച്ചറേ കലാവാസനയുള്ള കുട്ടികളെ തളർത്തല്ലീ'' എന്ന് പറഞ്ഞ് യൂനസും അഫ്രയും മിൻഹാലിന് പിന്തുണയുമായി ഗാനം ആലപിച്ചതോടെ ''ടീച്ചർക്കേതായാലും പാടാൻ കഴിയില്ല, നിങ്ങൾ ഉറക്കെ പാടിക്കോളീ, പക്ഷേ, പുസ്തകത്തിൽ ഒരുവരി തെറ്റാൻ പാടില്ലട്ടോ'' എന്ന് പറഞ്ഞ് പാട്ട് പാടാൻ ടീച്ചറും സമ്മതം മൂളി. ഇതുകേട്ട വിദ്യാർഥികൾ ''കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ'' എന്ന ഗാനം തകർത്തുപാടി. കുട്ടികളുടെ മനം കവരുന്ന രീതിയിൽ ക്ലാസെടുക്കുന്ന ടീച്ചറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇത്തരത്തിൽ രസകരമായ സംഭവങ്ങൾ ക്ലാസിൽ നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടെന്നും ഫോണിൽനിന്ന് നഷ്ടപ്പെട്ടാലും എവിടെയെങ്കിലുമുണ്ടാകുമെന്ന് കരുതിയാണ് ഇതെന്നും ടീച്ചർ പറയുന്നു. അതേസമയം, ക്ലാസിൽ പാട്ടുപാടാൻ അനുവദിച്ചതിനെ വിമർശിച്ചും കമൻറുകളുണ്ട്. അതിനുള്ള മറുപടിയും ടീച്ചറുടെ പക്കലുണ്ട്. തുടർച്ചയായി ക്ലാസെടുക്കുമ്പോൾ വിദ്യാർഥികൾക്കും മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെയുണ്ടാവാതിരിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഗുണം ചെയ്യും.
ഒരുമിനിറ്റിൽ താഴെ സമയം കൊണ്ട് അവർക്ക് പാട്ട് മാത്രമല്ല കിട്ടിയത്, സന്തോഷം കൂടിയാണെന്നും ടീച്ചർ പറഞ്ഞു. അഞ്ചുവർഷമായി ഈ സ്കൂളിലെ അധ്യാപികയാണ് സുമയ്യ. ബാങ്കിൽ ജോലിചെയ്യുന്ന ഷിഹാബാണ് ഭർത്താവ്. ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റാസി, ഐഷു എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.