മഞ്ചേരി: മഞ്ചേരിയിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. മഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കണമെന്നാവശ്യപ്പെട്ട് യു.എ. ലത്തീഫ് എം.എൽ.എയും നഗരസഭ അധികൃതരും മന്ത്രിക്ക് നിവേദനം നൽകിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
സ്വന്തമായി സ്ഥലം കിട്ടുന്ന മുറക്ക് ഡിപ്പോ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തേ കച്ചേരിപ്പടി ഇന്ദിര ഗാന്ധി ബസ് ടെർമിനൽ കേന്ദ്രീകരിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും സാമ്പത്തിക നഷ്ടം മൂലം അടച്ചുപൂട്ടിയിരുന്നു. കോവിഡിന് മുമ്പ് നഗരത്തിലൂടെ 300ലധികം ബസുകൾ സർവിസ് നടത്തിയിരുന്നു.
നഗരത്തിൽ മൂന്ന് സ്റ്റാൻഡുകൾ ഉള്ളതിനാൽ ബസുകൾ എവിടെ, എപ്പോൾ വരുമെന്ന് യാത്രക്കാർക്ക് അറിയാൻ സാധിച്ചിരുന്നില്ല. ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. പതിനഞ്ചോളം കോടതികൾ, മെഡിക്കൽ കോളജ് ആശുപത്രി, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഒട്ടേറെ ജില്ല ഓഫിസുകൾ, പയ്യനാട് സ്പോർട്സ് കോംപ്ലക്സ് അക്കാദമി തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ, വേണ്ടത്ര യാത്രസൗകര്യമില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് എം.എൽ.എയും നഗരസഭയും മന്ത്രിയെ സമീപിച്ചത്.
നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, വി.പി. ഫിറോസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.