മഞ്ചേരി: മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. മഞ്ചേരി, പാണ്ടിക്കാട് ടൗണുകളിലെ വെള്ളക്കെട്ടുകൾ പരിഹരിക്കും.
ഓവുചാൽ ശുചീകരിക്കാനും പദ്ധതിയായി. കാൽനടയാത്ര പോലും ദുസ്സഹമായ മുള്ളമ്പാറ-കോണിക്കല്ല്-ഇരുമ്പുഴി റോഡ്, മുള്ള്യാകുർശ്ശി-പാണ്ടിക്കാട് റോഡിൽ ആക്കാപറമ്പ്-പാണ്ടിക്കാട് ഭാഗവും, മഞ്ചേരി ജസീല ജങ്ഷൻ മുതൽ ചെരണി വരെയും ഗതാഗതയോഗ്യമാക്കാൻ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച പാണ്ടിക്കാട് വണ്ടൂർ വടപുറം റോഡിന്റെ പ്രവർത്തികൾ ഉടൻ ആരംഭിക്കും. മുള്ളമ്പാറ ഇരുമ്പുഴി-കോണിക്കല്ല് റോഡ്, മുള്ള്യാകുർശ്ശി-പാണ്ടിക്കാട് റോഡ് ചെരണി-പന്നിപ്പാറ റോഡ്, മാലാങ്കുളം-ചെറാംകുത്ത്-ചെറുകുളം റോഡ്, കാട്ടുങ്ങൽ ചോല-പിലാക്കൽ-പുഴങ്കാവ് റോഡ് തുടങ്ങിയവ ബി.എം ആൻഡ് ബി.സി ചെയ്തു പുനരുദ്ധാരണം നടത്തും.
ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേരി ഫയർ സ്റ്റേഷൻ, പാണ്ടിക്കാട് റസ്റ്റ് ഹൗസ് എന്നിവ ടെൻഡർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്നും എം.എൽ.എ നിർദേശിച്ചു. മഞ്ചേരി കോടതി സമുച്ചയത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടം ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്കർ ആമയൂർ, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റമീസ തച്ചങ്ങോടൻ, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സദഖത്ത്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു, കീഴാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ഇസ്മായിൽ, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ സത്താർ, ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.