മഞ്ചേരി: ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് എം.പിമാർ അനുവദിച്ച വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. വാഹനം ജില്ല മെഡിക്കൽ ഓഫിസറുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സർക്കാറിൽനിന്ന് അനുമതി ലഭിക്കാത്തതാണ് തടസ്സം.
അനുമതിക്കായി ഡി.എം.ഒ ഓഫിസിൽനിന്ന് പലതവണ ഹെൽത്ത് സർവിസ് ഡയറക്ടറേറ്റിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. എം.പിമാരായ രാഹുൽ ഗാന്ധി, ഡോ. എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ജില്ലയിലെ 20 സർക്കാർ ആശുപത്രികളിലേക്ക് വാഹനങ്ങൾ അനുവദിച്ചത്. ഏഴ് വാഹനങ്ങളാണ് രാഹുൽ ഗാന്ധി അനുവദിച്ചത്. പത്ത് വാഹനങ്ങൾ അബ്ദുസമദ് സമദാനിയും മൂന്ന് വാഹനങ്ങൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുമാണ് അനുവദിച്ചത്.
ഇതിൽ ഒമ്പത് വാഹനങ്ങളാണ് രാമനാട്ടുകരയിലെ വിൽപന കേന്ദ്രത്തിൽ വെയിലും മഴയും കൊണ്ട് ചെളിപിടിച്ച് കിടക്കുന്നത്. മറ്റുള്ളവ അതത് ആശുപത്രികളിലേക്ക് കൈമാറിയിരുന്നു.
എട്ട് മാസത്തിലേറെയായി വാഹനങ്ങൾ ഇവിടെ കിടക്കുകയാണ്. മേലാറ്റൂർ, മങ്കട, പൂക്കോട്ടൂർ, ഓമാനൂർ എന്നീ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പെരിന്തൽമണ്ണ ജില്ല ആശുപത്രി, മലപ്പുറം, കൊണ്ടോട്ടി താലൂക്ക് ആശുപത്രികൾ, പെരുവള്ളൂർ, പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് വാഹനങ്ങൾ ലഭിക്കാനുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിന് അനുവദിച്ച വാഹനവും മാസങ്ങൾക്ക് ശേഷമാണ് ലഭിച്ചത്.
വഴിക്കടവ്, മമ്പാട്, കരുളായി, തുവ്വൂർ, കുഴിമണ്ണ, പോരൂർ, കാലടി, നന്നംമുക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് എം.പി ഫണ്ടിലൂടെ വാഹനങ്ങൾ ലഭിച്ചിരുന്നു. അനുമതി ലഭ്യമായാൽ നടപടികൾ പൂർത്തിയാക്കി വാഹനങ്ങൾ വേഗത്തിൽ കൈമാറുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.