മഞ്ചേരി: മലപ്പുറം ഫുട്ബാൾ ക്ലബ് തൊടുത്ത പന്ത് പാഞ്ഞുകയറിയത് പയ്യനാടിന്റെ ഹൃദയത്തിലേക്ക്. ടീമുകളുടെ ഓരോ നീക്കവും ഗാലറിയിൽ ആരവം തീർത്തു. സൂപ്പർ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ ആദ്യ ഹോം മത്സരം കാണാനെത്തിയ കാൽപന്തു പ്രേമികൾ പയ്യനാടിനെ പന്തുകളിയുടെ പറുദീസയാക്കി.
15,318 പേരാണ് എം.എഫ്.സിയുടെ ആദ്യ കളി കാണാനെത്തിയത്. മത്സരത്തിന് വിസിൽ മുഴങ്ങും മുമ്പ് തന്നെ ഗാലറി നിറഞ്ഞു കവിഞ്ഞു. എന്നാൽ, ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫോഴ്സാ കൊച്ചിയെ തോൽപ്പിച്ച മലപ്പുറം എഫ്.സി.ക്ക് ആദ്യ ഹോം മാച്ചിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
നിലക്കാത്ത പ്രവാഹമായി ആരാധകർ
ആദ്യ പകുതി പിന്നിട്ടിട്ടും ഗാലറിയിലേക്കുള്ള ഒഴുക്ക് നിലച്ചില്ല. ടിക്കറ്റ് ലഭിക്കാത്തതിനാൽ അകത്തു കടക്കാനാകാതെ നിരവധി പേർ പ്രധാന കവാടത്തിനു മുന്നിൽ കുടുങ്ങി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും വളണ്ടിയർമാരും പാടുപെട്ടു. സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ റോഡുകളും വാഹനങ്ങളാൽ നിറഞ്ഞു. കിക്കോഫിന് വിസിൽ മുഴക്കിയതോടെ ആരവം കടലുണ്ടിപ്പുഴ കടന്നു.
ജിജോ ജോസഫിന്റെ നായകത്വത്തിലായിരുന്നു കാലിക്കറ്റ് എഫ്.സിയുടെ മുന്നേറ്റം. ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസുമായി സമനിലയിൽ പിരിഞ്ഞ കാലിക്കറ്റിനു പയ്യനാട്ടെ ജയം മധുരമുള്ള ഓർമയായി. സമ്മർദത്തിനു അടിപ്പെടാതെയായിരുന്നു കാലിക്കറ്റിന്റെ കളി. ക്യാപ്റ്റൻ ജിജോയും സഹതാരങ്ങളും കൂളായി മത്സരത്തെ സമീപിച്ചു.
അയൽനാട്ടിൽ നടന്ന അങ്കം കാണാൻ കോഴിക്കോട്ടുനിന്ന് നിരവധി പേരാണ് എത്തിയത്. കാലിക്കറ്റിന്റെ ആരാധക കൂട്ടായ്മയായ ‘ബീക്കൺസ് ബ്രിഗേഡ്’ ഗാലറിയുടെ ഒരു ഭാഗം കൈയടിക്കിയുന്നു. ടീമിന്റെ വിജയത്തിൽ അവർ ആനന്ദനൃത്തം ചവിട്ടി.
ഗാലറിയിലെ ആരവം കളിക്കാരുടെ കാലുകളിലേക്കും പടർന്നതോടെ മൈതാനത്തിന് തീപിടിച്ചു. എന്നാൽ, ആതിഥേയ ആരാധകരുടെ ആരവം താരങ്ങൾക്ക് മുതലെടുക്കാൻ കഴിഞ്ഞില്ല. മലപ്പുറത്തുകാരൻ ഫസലുവിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലെടുത്ത കാലിക്കറ്റ് എഫ്.സിയാവട്ടെ മൂന്ന് തവണ മലപ്പുറത്തിന്റെ വല കുലുക്കി. മുന്നേറ്റത്തിലെ പാളിച്ചയാണ് മലപ്പുറത്തിന്റെ തോൽവിക്ക് കാരണം.
തട്ടകത്തിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തങ്ങളുടെ ടീമിന് ഹൃദയസ്പർശിയായ ഓർമകൾ സമ്മാനിച്ചാണ് ആരാധകർ ടീമിനെ യാത്രയാക്കിയത്. മത്സര ശേഷം ടീം അംഗങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്തു. കാലിക്കറ്റ് ടീമിനെയും മലപ്പുറത്തുകാർ നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്. സെപ്റ്റംബർ 20 ന് തൃശൂരിനെതിരെ സ്വന്തം തട്ടകത്തിൽ തന്നെയാണ് എം.എഫ്.സി യുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.