മഞ്ചേരി: പുൽപറ്റ പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പിന്റെ അനുമതി. പഞ്ചായത്ത് പ്രസിഡൻറ് പി.സി. അബ്ദുറഹ്മാൻ ഫോറസ്റ്റ് ഓഫിസർക്ക് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 21ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപന്നിശല്യമുള്ള മേഖല സന്ദർശിച്ചിരുന്നു. പരിശോധനയിൽ വിളകൾ നശിപ്പിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് ഉപാധികളോടെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയത്.
ഇതിനായി കൊടുമ്പുഴ വനം സ്റ്റേഷൻ പരിധിയിൽ തോക്ക് ലൈസൻസുള്ള മൂന്ന് പേരെ ചുമതലപ്പെടുത്തി. ഇവരുടെ സേവനം ഉപയോഗിച്ച് പഞ്ചായത്തിന് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ഷാജീവ് നൽകിയ ഉത്തരവിൽ പറയുന്നു. സേവനത്തിന് കർഷകർ പ്രതിഫലം നൽകേണ്ടതില്ല.
പ്രദേശത്ത് തോക്കിന് ലൈസൻസുള്ളവർ അപേക്ഷ സമർപ്പിച്ചാൽ അവർക്ക് കൂടി ഉപാധികളോടെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകും. കാർഷിക വിളകളുടെ നാശത്തിന് കർഷകർ അപേക്ഷ സമർപ്പിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.