മഞ്ചേരി: മഞ്ചേരിയിൽ ചൊവ്വാഴ്ച മുതൽ ഗതാഗത പരിഷ്കാരം തുടങ്ങും. പഴയ ബസ് സ്റ്റാൻഡ് പൊളിച്ച് പുതിയ ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സിന് തറക്കല്ലിട്ടതോടെയാണ് പരിഷ്കാരം നടപ്പിലാക്കുന്നത്. ആനക്കയം ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് വരുന്നതും തിരിച്ച് ആനക്കയം ഭാഗത്തേക്ക് പോകേണ്ടതുമായ മുഴുവൻ ബസുകളും ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ നിന്നാകും സർവിസ് നടത്തുക.
പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ, വേങ്ങര, പരപ്പനങ്ങാടി ഭാഗത്തേക്ക് മാത്രം പോകുന്ന ബസുകളാകും ഐ.ജി.ബി.ടി കേന്ദ്രീകരിച്ച് സർവിസ് നടത്തുക. നിലവിൽ കോഴിക്കോട് ബസുകളും ഐ.ജി.ബി.ടി കേന്ദ്രീകരിച്ചാണ് സർവിസ് നടത്തുന്നത്.
മലപ്പുറം ഭാഗത്തുനിന്നും നെല്ലിപ്പറമ്പ്, പാണ്ടിക്കാട്, ഭാഗത്തേക്ക് പോകുന്ന ബസുകൾ ഐ.ജി.ബി.ടി സ്റ്റാൻഡിൽ കയറി തുറക്കൽ ബാപ്പുട്ടി ബൈപാസ് വഴി കോഴിക്കോട് റോഡിൽ മുനിസിപ്പൽ ഓഫിസ് വഴി സീതിഹാജി സ്റ്റാൻഡിലെത്തി അവിടെ നിന്നും സർവിസ് നടത്തണം. പാണ്ടിക്കാട് ഭാഗത്തുനിന്നും ആനക്കയം ഭാഗത്തേക്ക് പോകുന്ന ബസുകൾ സീതിഹാജി സ്റ്റാൻഡിൽ കയറി പാണ്ടിക്കാട് റോഡ്-മലപ്പുറം റോഡിലൂടെ ഐ.ജി.ബി.ടിയിൽ കയറി സർവിസ് നടത്തണം.
സീതിഹാജി സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ കയറ്റുന്ന ബസുകൾ പിന്നീട് ആശുപത്രിപ്പടിയിൽ നിന്നും മാത്രമേ യാത്രക്കാരെ കയറ്റാനാകൂ. സെൻട്രൽ ജങ്ഷനിലോ ഓജസ് ബേക്കറിക്ക് മുന്നിലോ നിർത്തി യാത്രക്കാരെ കയറ്റാൻ പാടില്ലെന്നും നിർദേശമുണ്ട്. എന്നാൽ, പരിഷ്കാരത്തിനെതിരെ ബസുടകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. പരിഷ്കാരം തൽക്കാലത്തേക്ക് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ നഗരസഭയെ സമീപിച്ചിരുന്നെങ്കിലും പരിഷ്കാരം ആരംഭിച്ച് 15 ദിവസം കഴിഞ്ഞിട്ട് ചർച്ച മതിയെന്നാണ് അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.