മഞ്ചേരി: നഗരസഭ ഓഫിസിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലടിച്ചു. പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ നഗരസഭ അധ്യക്ഷയുടെ മുറിയിൽനിന്ന് ആരംഭിച്ച കൈയാങ്കളി പുറത്തേക്കും നീണ്ടു. അരമണിക്കൂറോളം നഗരസഭ കാര്യാലയം സംഘർഷഭരിതമായി. കൈയാങ്കളിയെ തുടർന്ന് ചെയർപേഴ്സൻ അടക്കം അഞ്ച് വനിത കൗൺസിലർമാർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. നഗരസഭയിലെ 24ാം വാർഡിലെ നെല്ലിക്കുത്ത് -മുക്കം റോഡ് പുനരുദ്ധാണ പ്രവൃത്തിയുടെ ടെൻഡറിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. കഴിഞ്ഞ 17ന് അവസാനിച്ച ടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന് പ്രവൃത്തി നൽകുന്നതിന് പകരം നഗരസഭ മുൻ സ്ഥിരംസമിതി അധ്യക്ഷന് പ്രവൃത്തി നൽകിയതിനെതിരെയാണ് ഇടതുപക്ഷ അംഗങ്ങൾ ചെയർപേഴ്സന് പരാതി നൽകാനെത്തിയത്.
കേന്ദ്രാവിഷ്കൃത ഫണ്ട് വാർഡുകളിലേക്ക് നൽകിയതിൽ വിവേചനം കാണിച്ചെന്നും ടെൻഡർ ഷെഡ്യൂൾ വെട്ടിത്തിരുത്തിയാണ് നഗരസഭയുടെ സ്വന്തക്കാർക്ക് കരാർ നൽകിയതെന്നും ഫയൽ പരിശോധിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
ഫയൽ പരിശോധിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് ചെയർപേഴ്സൻ മറുപടി പറഞ്ഞു. ഇതോടെ ഭരണസമിതി അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് അംഗങ്ങൾ ചെയർപേഴ്സെൻറ മുറിയിൽ മുദ്രാവാക്യം വിളി ആരംഭിച്ചു. വൈസ് ചെയർപേഴ്സനും സ്ഥിരംസമിതി അധ്യക്ഷരും ചെയർപേഴ്സന് സംരക്ഷണവുമായി എത്തിയതോടെ ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടയിൽ യു.ഡി.എഫ് പ്രവർത്തകരും എൽ.ഡി.എഫ് പ്രവർത്തകരും ചെയർപേഴ്സെൻറ ചേംബറിൽ കയറിയതോടെ വാക്കേറ്റം കൈയാങ്കളിയിൽ കലാശിച്ചു. ചെയർപേഴ്സൻ മുറിയിൽനിന്ന് പുറത്തിറങ്ങിയതോടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി നഗരസഭ ഓഫിസിലെത്തിയവർക്ക് മുന്നിലായിരുന്നു കൈയാങ്കളി. ബഹളംകേട്ട് ഉദ്യോഗസ്ഥരും പുറത്തേക്കിറങ്ങി. ഇടതുപക്ഷ കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് പോയതോടെയാണ് രംഗം ശാന്തമായത്.
തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വന്തക്കാർക്ക് കരാർ നൽകി ഭരണസമിതി അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
തമ്മിലടിച്ചത് പുറത്തുനിന്ന് എത്തിയവർ
മഞ്ചേരി: നഗരസഭയിലെ കൈയാങ്കളിയിൽ തമ്മിലടിച്ചത് പുറത്തുനിന്ന് എത്തിയവർ. ആദ്യം ചെയർപേഴ്സെൻറ മുറിയിൽ കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായതായിരുന്നു സംഘർഷങ്ങളുടെ തുടക്കം. പിന്നീട് മുറിയിലേക്ക് ഇരുവിഭാഗങ്ങളും കയറിയതോടെ കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പരസ്പരം പോരടിച്ചും വെല്ലുവിളിച്ചും ഇരുകൂട്ടരും ഏറ്റുമുട്ടി. യൂത്ത് ലീഗ്-ഡി.വൈ.എഫ്.ഐ പ്രവർത്തകരും എത്തിയതോടെ സംഘർഷം രൂക്ഷമായി. ഭരണ, പ്രതിപക്ഷ കൗൺസിലർമാർ തമ്മിലും രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു.
ചെയർപേഴ്സൻ അടക്കം: കൗൺസിലർമാർ ചികിത്സ തേടി
മഞ്ചേരി: നഗരസഭ ഓഫിസിൽ നടന്ന ൈകയാങ്കളിയെ തുടർന്ന് ചെയർപേഴ്സൻ വി.എം. സുബൈദ അടക്കം കൗൺസിലർമാർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നഗരസഭ അധ്യക്ഷയെയും ഉപാധ്യക്ഷ അഡ്വ. ബീന ജോസഫിനെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുപക്ഷ കൗൺസിലർമാരായ ഷറീന ജവഹർ, കുമാരി, പി. സുനിത എന്നിവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.