മങ്കട: മങ്കട ഗവ. ഹൈസ്കൂളിലെ നൂറ്റാണ്ട് താണ്ടി നിലനിന്ന കെട്ടിടം പൊളിച്ചുമാറ്റുന്നു. സർക്കാർ ചെലവിൽ ഓഡിറ്റോറിയം നിർമിക്കാനാണ് കെട്ടിടം പൊളിക്കുന്നത്. 1907ൽ അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥ മിസിസ് ഹിൽ ശിലാസ്ഥാപനം നടത്തി നിർമിച്ച കെട്ടിടമാണിത്. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ ഇപ്പോൾ ക്ലാസുകൾ നടക്കുന്നില്ല. എന്നാൽ, കെട്ടിടം അറ്റകുറ്റപ്പണി നടത്തി പഴയ മാതൃകയിൽ ഒരു ചരിത്ര സ്മാരകമായി നിലനിർത്തണമെന്ന് നേരത്തേ ആവശ്യമുണ്ടായിരുന്നു.
മൂന്നുവർഷം മുമ്പ് ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രസ്തുത സ്ഥലത്ത് കെട്ടിടം പൊളിച്ച് ഓഡിറ്റോറിയം നിർമിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നെങ്കിലും എതിർപ്പുകളെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. എന്നാൽ, ഇപ്പോൾ സർക്കാർ ഫണ്ട് 1.2 കോടി ഉപയോഗിച്ചാണ് പി.ടി.എ നിർമിച്ച നിലവിലുള്ള ഓഡിറ്റോറിയവും ചേർത്ത് വലിയ ഓഡിറ്റോറിയമായി മാറ്റി നിർമിക്കുന്നത്.
കഴിഞ്ഞമാസം മങ്കട ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ പുരാതനമായ കെട്ടിടം പൊളിച്ചു നീക്കിയതിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതിനു പിറകെയാണ് ഇപ്പോൾ മങ്കട ഗവ. ഹൈസ്കൂളിന്റെ ആദ്യകാലത്ത് സ്ഥാപിച്ച കെട്ടിടവും പൊളിക്കുന്നത്.
വർഷങ്ങൾ മുമ്പുതന്നെ കെട്ടിടം പൊളിക്കുന്നു എന്ന അഭ്യൂഹങ്ങളെ തുടർന്ന് കെട്ടിടത്തിന്റെ സംരക്ഷണം വേണമെന്ന് ചരിത്രകാരന്മാരിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. ചരിത്രസ്മാരകമായി കെട്ടിടം അതേപടി സംരക്ഷിച്ച് നിലനിർത്തണമെന്നും പൊളിച്ചു മാറ്റുകയാണെങ്കിൽ കെട്ടിടത്തിന്റെ ഒരു മിനിയേച്ചർ രൂപം ഉണ്ടാക്കി ചരിത്ര വിദ്യാർഥികൾക്കായി സ്കൂളിൽ പ്രദർശിപ്പിക്കണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.