മങ്കട: വാട്ടർ അതോറിറ്റി കുടിവെള്ളം നൽകുന്നില്ലെന്നാരോപിച്ച് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കെ.ഡബ്ല്യു.എ സെക്ഷൻ ഓഫിസിനു മുന്നിൽ സമരം സംഘടിപ്പിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്കിലെ വിവിധ അംഗൻവാടികൾ, ഐ.പി.പി സെന്ററുകൾ എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി 42 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. ഈ പ്രദേശത്തേക്ക് മറ്റൊരു പദ്ധതി വഴിയും കുടിവെള്ളം ലഭ്യമല്ല. നാളിതുവരെ ഒരു നടപടിയും മങ്കട സെക്ഷൻ ഓഫിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും നിരവധി തവണ ബ്ലോക്ക് ഭരണസമിതി അംഗങ്ങൾ എൻജിനീയറെ നേരിൽകണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയതെന്നും പ്രസിഡന്റ് ടി. അബ്ദുൽ കരീം അറിയിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, സ്ഥിര സമിതി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, അംഗങ്ങളായ ഒ. മുഹമ്മദ് കുട്ടി, കെ.പി. അസ്മാബി, ജമീല, ഷബീബ തോരപ്പ, റഹ്മത്തുന്നീസ, ബിന്ദു കണ്ണൻ എന്നിവർ നേതൃത്വം നൽകി. സമരം സൂചനയാണെന്നും ഇനിയും പദ്ധതി യാഥാർഥ്യമാക്കുന്നില്ലെങ്കിൽ അംഗൻവാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ച് ശക്തമായ സമരമുറകൾ കൈക്കൊള്ളുമെന്നും ഭരണസമിതി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.