മലപ്പുറം: ജില്ലയില്‍ മീസല്‍സ് റൂബെല്ല വാക്സിനെടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ഡിസംബര്‍ അഞ്ചിനകം വാക്സില്‍ നല്‍കുമെന്ന് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍. കൂടുതല്‍ പേര് വാക്സിന് സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാംപനി വ്യാപനം തടയാനാവൂ എന്നും കലക്ടര്‍ പറഞ്ഞു. ജില്ല ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വാക്സിനെതിരെ തെറ്റായ പ്രചാരണം നടത്തിയാല്‍ നിയമനടപടി സ്വീകരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിലും അംഗൻവാടികളിലും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയതായും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെ 144 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. രേണുക യോഗത്തില്‍ അറിയിച്ചു. രോഗബാധയുണ്ടായ 125 പേരില്‍ ആറുപേര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം വാക്സിനെടുക്കാത്തവരാണ്. കല്പകഞ്ചേരി (54 പേര്), മലപ്പുറം (14), പൂക്കോട്ടൂര്‍ (14) എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് രോഗവ്യാപനം ഉള്ളത്.
ഒന്നാം ഡോസ് എടുക്കാൻ 97,356 പേർ
ജില്ലയില്‍ 97,356 കുട്ടികള്‍ എം.ആര് വാക്സിന് ഒന്നാം ഡോസ് എടുക്കാനുണ്ട്. രണ്ടാം ഡോസ് ലഭിക്കാത്ത 1,16,994 കുട്ടികളുണ്ട്. രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കല്പകഞ്ചേരിയില് 776 പേര് വാക്സിനെടുക്കാനുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ദിവസവും വാര്‍ഡ്, ഗ്രാമപഞ്ചായത്ത്, ജില്ലതലങ്ങളില്‍ അവലോകനയോഗം ചേര്‍ന്ന് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് ഉപകരണങ്ങളില്ല
ജില്ലയില്‍ ജലാശയ മരണങ്ങള് വര്‍ധിക്കുമ്പോഴും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളില്ലാതെ വകുപ്പുകള്‍ ബുദ്ധിമുട്ടുകയാണെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. ജീവന്‍രക്ഷ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഉല്ലാസബോട്ടുകള്‍ യാത്ര നടത്തുന്നത്. പല ബോട്ടുകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന കാര്യവും എം.എല്‍.എ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി.
ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്നും നിയമങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും സര്‍വിസ് നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ പൊലീസും തുറമുഖ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ദേശീയപാത വികസനം: ജനങ്ങളുടെ പ്രശ്നം പഠിച്ചില്ലെന്ന്
ദേശീയപാത 66 വികസന പ്രവൃത്തികളുടെ ഡി.പി.ആര് തയാറാക്കിയത് ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാതെയാണെന്നും ജനപ്രതിനിധികളുമായി ആലോചിക്കാതെയാണെന്നും എം.എല്‍.എമാരായ ആബിദ് ഹുസൈന് തങ്ങളും പി. അബ്ദുല്‍ ഹമീദ്, ടി.വി. ഇബ്രാഹിമും പറഞ്ഞു.
വാടകക്കെടുത്ത സ്ഥലങ്ങളില്‍ കരാര്‍ കമ്പനി തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ കെട്ടിട നിര്‍മാണം നടത്തുന്നു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഗതാഗത തടസ്സം, പൊടിശല്യം, ഡ്രെയിനേജ് പ്രശ്നം മൂലം ബുദ്ധിമുട്ടുകയാണെന്നും ഇവ പരിഹരിക്കുന്നതിന് ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനവാസ കേന്ദ്രങ്ങളില്‍ ഹസാര്‍ഡ് കെമിക്കലുകള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ചതായും നിര്‍മാണ യൂനിറ്റിന് നിര്‍ദേശ കത്ത് നല്‍കിയതായും പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്വയണ്മെന്റല് എൻജിനീയര്‍ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും തടയാനുമായി റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറകള്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സംഘമെത്തി; നാളെവരെ ജില്ലയിൽ തുടരും
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി പടരുന്നത് വിലയിരുത്താൻ മൂന്നംഗ കേന്ദ്രസംഘം മലപ്പുറത്തെത്തി. ഡൽഹിയിലെ ദേശീയ രോഗനിയന്ത്രണ കേന്ദ്രം (എൻ.സി.ഡി.സി) ജോയന്റ് ഡയറക്ടർ ഡോ. സൗരഭ് ഗോൽ, ഡൽഹിയിലെ ലേഡി ഹാർഡിൻ മെഡിക്കൽ കോളജ് മൈക്രോ ബയോളജിസ്റ്റ് ഡോ.വി.എസ്. രാധവ, പുതുച്ചേരിയിലെ ജവർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് പീഡിയാട്രിക്സ് പ്രഫ. ഡോ.ഡി. ഗുണശേഖരൻ എന്നിവരങ്ങുന്ന സംഘമാണ് വന്നത്.
ശനിയാഴ്ച രാവിലെ 11ന് മലപ്പുറത്തെത്തിയ സംഘം ജില്ല ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ നടത്തിയ പ്രതിരോധപ്രവർത്തനങ്ങളും സംഘം ചോദിച്ചു മനസ്സിലാക്കി. ഉച്ചക്ക് രേണ്ടാടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കൽപകഞ്ചേരി സന്ദർശിച്ചു. സ്ഥലത്തെത്തിയ സംഘം പഞ്ചായത്ത് പ്രതിനിധികളുമായും മെഡിക്കൽ ഓഫിസറുമായും ചർച്ച ചെയ്തു. വിഷയം വിലയിരുത്താൻ ഞായറാഴ്ചയും തിങ്കളാഴ്ചയും കേന്ദ്രസംഘം ജില്ലയിൽ തുടരും. തിങ്കളാഴ്ച ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്രസംഘം പ്രത്യേക കൂടിയാലോചന യോഗവും മലപ്പുറത്ത് നടത്തും. യോഗത്തിൽ കേന്ദ്രസംഘം കണ്ടെത്തിയ വിലയിരുത്തലുകൾ അവതരിപ്പിക്കും. മറ്റുകാര്യങ്ങളും കേന്ദ്രസംഘം വിവരിച്ചേക്കും. സംഘത്തിനൊപ്പം ജില്ല മെഡിക്കൽ ഓഫിസർ. ഡോ. ആർ. രേണുക, മെഡിക്കൽ ഓഫിസർ നവ്യ, ഡോ. സുബിൻ, ടെക്നിക്കൽ അസിസ്റ്റന്റ് സുരേഷ് കുമാർ തുടങ്ങിയവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.