മലപ്പുറം: ഇടതു മുന്നണി വീണ്ടും അധികാരത്തിൽ വന്നതോടെ മലപ്പുറം ജില്ലയിൽനിന്ന് ആര് മന്ത്രിയാവുമെന്ന ചർച്ച സജീവമായി. മുസ്ലിം ലീഗിെൻറ കോട്ടയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ ശക്തമായ മത്സരത്തിൽ തോൽപിച്ച് താനൂരിൽ രണ്ടാമതും വിജയം നേടിയ വി. അബ്ദുറഹ്മാനായിരിക്കും പ്രഥമ പരിഗണനയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇത്തവണ മത്സര രംഗത്തേക്കില്ലെന്ന് പറഞ്ഞ് മാറിനിന്ന അബ്ദുറഹ്മാനെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എ. വിജയരാഘവനും സമ്മർദം ചെലുത്തിയാണ് തീരുമാനം പിൻവലിപ്പിച്ചതെന്നാണ് അറിയുന്നത്. ജയിച്ചാൽ മന്ത്രിസ്ഥാനമെന്ന സൂചനയും നൽകിയിരുന്നു. ഇടത് സ്വതന്ത്ര എം.എൽ.എമാരിൽ മികച്ച പ്രതിഛായയുള്ള ജനപ്രതിനിധിയാണ് അബ്ദുറഹ്മാൻ. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന മണ്ഡലങ്ങളിലൊന്നാണ് താനൂർ.
കോൺഗ്രസ് പാരമ്പര്യമുള്ളതിനാൽ ജില്ലയിൽ ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ്, ലീഗ് അണികൾക്കിടയിൽ സ്വാധീനം ചെലുത്താൻ അബ്ദുറഹ്മാന് സാധിക്കുമെന്നും സി.പി.എം നേതൃത്വം കണക്കു കൂട്ടുന്നു.
ഇതെല്ലാം അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ സർക്കാറിൽ മന്ത്രിയായ കെ.ടി. ജലീൽ ബന്ധുനിയമന വിവാദത്തിൽ രാജിവെച്ചതിനാൽ ഇത്തവണ പരിഗണിക്കപ്പെടുമോ എന്ന് വ്യക്തമല്ല. അദ്ദേഹത്തെ പരിഗണിച്ചാൽ പ്രതിപക്ഷം വീണ്ടും വിഷയം കുത്തിപ്പൊക്കിയാൽ അത് തലവേദനയാവും. കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടാവുന്നതുവരെയെങ്കിലും ജലീലിനെ മാറ്റിനിർത്തിയേക്കും.
പൊന്നാനിയിൽനിന്ന് ജയിച്ച പി. നന്ദകുമാർ മുതിർന്ന നേതാവാണെങ്കിലും തുടക്കത്തിൽ മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തിൽ ജില്ലയുടെ പ്രതിനിധിയായി അബ്ദുറഹ്മാന് നറുക്കുവീഴാനാണ് സാധ്യത. കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടുപേരാണ് മുസ്ലിം പ്രതിനിധികളായി ഉണ്ടായിരുന്നത്. ഇത്തവണയും അതിന് മാറ്റമുണ്ടാവാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.