മലപ്പുറം: കാലവർഷം കടന്നെത്തുമ്പോൾ ജില്ലയിൽ മുൻകരുതലുകൾ ശക്തമാക്കി. 2018ലും 19ലും ഉണ്ടായ പ്രളയവും പ്രകൃതിദുരന്തങ്ങളും നിരവധി ജീവനും സ്വത്തിനും നാശമുണ്ടാക്കിയ സാഹചര്യത്തിലാണിത്. രണ്ടാഴ്ച മുമ്പ് കനത്ത വേനൽമഴയും കടൽക്ഷോഭവും ജില്ലയിലുണ്ടായിരുന്നു. നിരവധി വീടുകൾ തകരുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു. തീരദേശത്ത് നിരവധി കുടുംബങ്ങളെയാണ് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ കാലവർഷത്തെത്തുടർന്നുണ്ടാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയാറെടുക്കുകയാണ് വിവിധ വകുപ്പുകൾ.
അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങൾ
താലൂക്ക്, ജില്ലതലങ്ങളിലെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങൾ സജ്ജമാണ്. ഇവിടെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ റവന്യൂ, ജലസേചന, തദ്ദേശ സ്വയംഭരണ, ഭൂഗർഭശാസ്ത്ര, മണ്ണ് സംരക്ഷണ വിഭാഗങ്ങൾക്കൊപ്പം പൊലീസും ഫയർ ഫോഴ്സുമുണ്ടാവും. താലൂക്ക് അടിസ്ഥാനത്തിലും ഇവർക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. അടുത്തഘട്ടത്തിൽ കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ തുടങ്ങിയവയും ചേരും.
യാത്രതടസ്സം ഒഴിവാക്കാൻ ബദൽ റോഡുകൾ
അടിയന്തര സാഹചര്യത്തിൽ ഗതാഗതമൊരുക്കാൻ ആർ.ടി.ഒയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കിയിരിക്കുകയാണ്. യാത്രതടസ്സം ഒഴിവാക്കാൻ ബദൽ റോഡുകളും കണ്ടെത്തിയിട്ടുണ്ട്. വെള്ളമൊഴുക്ക് സുഗമമാക്കുന്നതിന് പുഴകളിൽ മരം, കല്ല്, മണ്ണ് തുടങ്ങിയവയുടെ നീക്കൽ പ്രവൃത്തികൾ നടത്തി. ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം പൊന്നാനിയിലുണ്ട്. ജലരക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ ഹോംഗാർഡുകളും സജ്ജമാണ്.
കോവിഡ് വെല്ലുവിളി
കോവിഡ് വ്യാപനത്തിൽ ആശാവഹമായ കുറവ് ഇപ്പോഴുമില്ലാത്ത സാഹചര്യത്തിൽ പ്രളയസമാന സാഹചര്യങ്ങൾ നേരിടുക വെല്ലുവിളി നിറഞ്ഞതാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകൾ തിങ്ങിക്കൂടുന്നത് ഒഴിവാക്കാനുള്ള മുൻകരുതലെടുക്കുന്നുണ്ട്. വിവിധ വിഭാഗങ്ങൾക്ക് വേണ്ടി വെവ്വേറെ ക്യാമ്പുകൾ ഒരുക്കാനാണ് തീരുമാനം. കോവിഡ് പോസിറ്റിവുകാരെയും ഭിന്നശേഷിക്കാരെയും പ്രായമായവരെയും പ്രേത്യക പരിഗണന നൽകിയാണ് മാറ്റിപ്പാർപ്പിക്കുക.
പകർച്ചവ്യാധികൾ കൂടിയാൽ കൈവിടും
ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും കോവിഡ് രോഗികള്‍ക്കായി മാറ്റിെവച്ചിരിക്കുന്നതിനാല് പകർച്ച വ്യാധികള്‍ കൂടുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കും. ജലജന്യ, കൊതുകുജന്യ രോഗങ്ങൾ വഴി മരണങ്ങള് വർധിക്കുന്നതിനും സാധ്യത ഏറെയാണെന്നും അതിനാല്‍ പരിസര ശുചീകരണം അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യമായി നടത്തി എലി, കൊതുക്, ഈച്ച മുതലായവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ജില്ലയുടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം.
പരിസ്ഥിതി ദിനത്തിലും പിറ്റേന്നും ഡ്രൈ ഡേ
മലപ്പുറം: ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനും പിറ്റേന്നും വീടും ചുറ്റുപാടുകളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും മാലിന്യം നീക്കം ചെയ്ത് ശുചീകരിക്കണമെന്ന് ജില്ല ആരോഗ്യവകുപ്പ് നിർദേശം.
എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളിലും, ശനിയാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. കൊതുകിെൻറ ഉറവിടം നശിപ്പിക്കുക, കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നിവക്ക് പ്രാധാന്യം നല്‍കണം.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ ഗുളികയും കഴിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.