ഇരിമ്പിളിയം: ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയിലെ അവഗണനക്കെതിരെ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ എടപ്പാൾ ജല അതോറിറ്റി ഓഫിസിൽ എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. നിരന്തരം മോട്ടോർ തകരാറിലാവുന്നതും ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതും സ്ഥിരം തടയണ നിർമിക്കാത്തതും മൂലം ജലവിതരണം മുടങ്ങുന്നത് പതിവാണ്.
ഇരിമ്പിളിയം പഞ്ചായത്ത്, വളാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. വേനൽ കടുക്കുകയും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ജനജീവിതം ഏറെ പ്രയാസകരമാണ്. സ്ഥിരമായി രണ്ട് മോട്ടോർ വേണ്ട സ്ഥാനത്ത് ഒരു മോട്ടോർ മാത്രമാണ് പമ്പ് ചെയ്യുന്നത്. നിലവിൽ പ്രവർത്തിക്കുന്ന മോട്ടോറിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പമ്പിങ് മുടങ്ങും.
അടിയന്തരമായി ഒരു മോട്ടോർ കൂടി സ്ഥാപിച്ച് ജലവിതരണം മുടക്കമില്ലാതെ ലഭ്യമാക്കുക, സ്ഥിരം തടയണ നിർമിക്കുക, ജൽജീവൻ മിഷൻ കണക്ഷനു വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുക, എടയൂർ പദ്ധതി കമീഷൻ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്തുക, പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും സുലഭമായി വെള്ളം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ, വൈസ് പ്രസിഡൻറ് ഫസീല, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി.എ. നൂർ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ. മുഹമ്മദ്, ഭരണസമിതി അംഗങ്ങളായ പി.ടി. ഷഹനാസ്, കെ.ടി. സൈഫുന്നീസ, കെ. മുഹമ്മദലി, കെ.ടി. ഉമ്മുകുൽസു തുടങ്ങിയവരാണ് ഓഫിസ് ഉപരോധിച്ചത്. ഉടൻ ഒരു അധിക മോട്ടോർ സ്ഥാപിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.