മലപ്പുറം: ജില്ല രൂപവത്ക്കരിച്ച് അരനൂറ്റാണ്ട് പിന്നിട്ടിട്ടും അടിസ്ഥാന വിദ്യാഭ്യാസ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിൽ തുടരുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) ജില്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇരുമുന്നണികളും ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി സമഗ്ര നടപടികൾ എടുത്തിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിൽ സ്കൂളുകളുടെ എണ്ണത്തിലും അധ്യാപക വിന്യാസത്തിലും ഭീമമായ കുറവുകൾ ഉണ്ട്.
ശിപാർശ ലഭിച്ച മുഴുവൻ അധ്യാപകർക്കും നിയമനം നൽകുക, ആനുപാതിക എണ്ണം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി എൽ.പി.എസ്.എ മുഖ്യപട്ടിക ഉടൻ പ്രസിദ്ധീകരിക്കുക, അർഹരായ വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ സംഘടന മുന്നോട്ടുവെച്ചു. ബുധനാഴ്ച രാവിലെ പത്തിന് കലക്ടറേറ്റിന് മുന്നിൽ 'നാഥനില്ലാത്ത ക്ലാസ് റൂം' പരിപാടി പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് വഹീദ ജാസ്മിൻ, ജില്ല പ്രസിഡൻറ് പി. ഹബീബ് മാലിക്, ട്രഷറർ പി. കുഞ്ഞവറ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. തുടർന്ന് പി. ഉബൈദുല്ല എം.എൽ.എക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.