നിലമ്പൂർ: മഴ കുറഞ്ഞതോടെ പ്രളയഭീതിയൊഴിഞ്ഞ് മലയോരം. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ നാട് ഏറെ ഭീതിയോടെയാണ് മണിക്കൂറുകൾ തള്ളി നീക്കിയിരുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി മഴപെയ്തെങ്കിലും തീവ്രമായില്ല. പ്രളയ നാശനഷ്ടം താലൂക്കിൽ എവിടെയും കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രളയം മുന്നിൽകണ്ട് റവന്യൂ വകുപ്പ് എല്ലാവിധ മുൻകരുതലും എടുത്തിരുന്നു.
ചാലിയാറിെൻറ പ്രധാന പോഷക നദികളിൽപെട്ട പുന്നപ്പുഴ, കാരക്കോടൻ പുഴ, മരുത കലക്കൻപുഴ, കുറുവംപുഴ, കാഞ്ഞിരപ്പുഴ എന്നിവയുടെ ഉദ്ഭവസ്ഥാനമായ തമിഴ്നാട് നീലഗിരി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച വൈകുന്നേരത്തോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. പോഷക നദികളുടെ വൃഷ്ടിപ്രദേശത്തുള്ള തീവ്ര മഴ ചാലിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത കണ്ടിരുന്നു. ഇതോടെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാറിന് തീരത്തുള്ള കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. നാടുകാണി ചുരം താഴ്വാര കുടുംബങ്ങൾക്കും ജാഗ്രത നിർദേശം നൽകി.
ശനിയാഴ്ച വൈകുന്നേരത്തോടെയും ഞായറാഴ്ച രാവിലെയും കാർമേഘം ഉരുണ്ടുകൂടിയെങ്കിലും ശക്തമല്ലാത്ത മഴയോടെ പിന്നീട് അന്തരീക്ഷം തെളിഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ച പുലർച്ചയുമായി നിലമ്പൂർ മേഖലയിൽ 53.8 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ പൊന്നാനി 11, മഞ്ചേരി 22, അങ്ങാടിപ്പുറം 105.2, പെരിന്തൽമണ്ണ 92, കരിപ്പൂർ 33.5 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. പ്രളയഭീതി മൂലം വീട് വിട്ടിറങ്ങുന്ന കുടുംബങ്ങൾക്കായി നിലമ്പൂർ താലൂക്കിൽ 48 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിരുന്നു. പ്രളയഭീതി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നായി 8,800 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നാണ് റവന്യൂ വകുപ്പിെൻറ റിപ്പോർട്ടിലുണ്ടായിരുന്നത്. തീവ്രമഴക്കുള്ള സാധ്യത മുന്നിൽ കണ്ടാണ് റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ തയാറെടുപ്പ് നടത്തിയത്.
രക്ഷപ്രവർത്തനത്തിനായി കേന്ദ്രസേനയുടെ ഒരു യൂനിറ്റ് നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഫിഷറീസ് വകുപ്പ് നേരത്തേ നൽകിയ അഞ്ച് മിനി ബോട്ടുകളും നിലമ്പൂരിലുണ്ട്. അത്യാവശ്യഘട്ടത്തിൽ വലിയ ബോട്ടുകൾ പൊന്നാനിയിൽനിന്ന് എത്തിക്കാനും സംവിധാനമൊരുക്കി. ഉരുൾപൊട്ടൽ ഭീഷണിയുള്ള നാടുകാണി ചുരം മേഖല ഉൾെപ്പടെ നിലമ്പൂർ തഹസിൽദാർ രഘുനാഥിെൻറ നേതൃത്വത്തിൽ റവന്യൂ സംഘം ഞായറാഴ്ചയും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.