നിലമ്പൂർ: ഉറങ്ങിക്കിടക്കുന്ന നാലുവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. മമ്പാട് കാട്ടുമുണ്ട പൂവത്തിക്കുന്നിലെ പടിക്കമണ്ണിൽ നൗഫലിെൻറ മകളുടെ സ്വർണാഭരണങ്ങളാണ് തുറന്നിട്ട ജനാല വഴി കവർന്നത്. കഴുത്തിൽ അണിഞ്ഞ ഒരു പവൻമാല, കൈയിലണിഞ്ഞ ഒരു പവൻ വീതമുള്ള രണ്ട് വളകൾ എന്നിവയാണ് കവർന്നത്.
വെള്ളിയാഴ്ച പുലർച്ച നാലോടെയാണ് സംഭവം. തുറന്നിട്ട ജനാലവഴി കൈയിട്ടാണ് കള്ളൻ കവർച്ച നടത്തിയതെന്ന് കരുതുന്നു. ജനാലക്കരിക്കിൽ പുറത്ത് ഉയരത്തിനായി വലിയ കല്ല് വെച്ചിട്ടുണ്ട്. വൈദ്യുതി മീറ്റർ ബോർഡിലെ പ്രകാശം മറക്കാനായി പഴയ തുണികൾ വെച്ച് മൂടിയിട്ടിട്ടുണ്ട്. മലപ്പുറത്ത് നിന്നുള്ള ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം വിരലടയാളങ്ങൾ ശേഖരിച്ചു.
സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിലെ റാമ്പോ സംഭവസ്ഥലത്ത് നിന്നും മണം പിടിച്ച് ഒന്നര കിലോമീറ്റർ ദൂരെയുള്ള ഒഴിഞ്ഞ ഗ്രൗണ്ടിലെത്തി. കാറ്ററിങ് ജോലി ചെയ്യുന്ന നൗഫൽ ഭാര്യയോടൊപ്പം പുലർച്ച രണ്ടോടെ ഉണർന്ന് അടുക്കളയിൽ എണ്ണപലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടെ നാലുമണിയോടെ കുട്ടി മുറിയിൽനിന്ന് അടുക്കളയിലേക്ക് കരഞ്ഞ് കൊണ്ട് വന്നതോടെയാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്.
നിലമ്പൂർ സി.ഐ ധനഞ്ജയബാബു, എസ്.ഐമാരായ സൂരജ്, എം. അസൈനാർ, അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.