നിലമ്പൂർ: മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തെത്തുടർന്ന് മരത്തിൽ ബന്ധിച്ച കയറിൽ തൂങ്ങിക്കിടന്ന ആളെ രണ്ട് മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. സേലം സ്വദേശിയായ പ്രഭുവാണ് (45) അപകടത്തിൽപെട്ടത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ പ്ലാവ് മുറിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ മമ്പാട് മേപ്പാടം ഇളമ്പുഴയിലാണ് സംഭവം.
മരം വീടിന് മുകളിലേക്ക് വീഴുമെന്ന ഭീഷണിയുള്ളതിനാൽ ചെറിയ കഷ്ണങ്ങളാക്കിയാണ് മുറിച്ചുമാറ്റിയിരുന്നത്. ഇതിനിടെ മുറിച്ച തടിക്കഷണം പ്രഭുവിന്റെ കാലിൽ വന്നിടിച്ച് തൂങ്ങിക്കിടന്നു. അരയിൽ കയറിട്ട് കുടുക്കി മരത്തിൽ ബന്ധിച്ചതിനാൽ പ്രഭു താഴെ വീഴാതെ മരത്തിൽ തൂങ്ങിയാടി. 15 അടിയോളം ഉയരത്തിലായിരുന്നു അപകടം. അഗ്നിരക്ഷസേനയും എമർജൻസി റെസ്ക്യൂ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തടിക്കഷ്ണം മുകളിൽ തൂങ്ങിനിന്നതിനാൽ വലിയ അപകടസാധ്യതയാണ് നിലനിന്നിരുന്നത്. പിന്നീട് മരംവെട്ട് തൊഴിലാളിയായ കാട്ടുപൊയിലിലെ ഷിഹാബാണ് മരത്തിൽ കയറി രക്ഷാസേനയുടെ സഹായത്തോടെ തൂങ്ങിനിന്ന മരത്തടി മരത്തിൽ ചേർത്ത് കെട്ടി അപകടം ഒഴിവാക്കിയത്. ശേഷം അഗ്നിരക്ഷസേനയും ഇ.ആർ.എഫും നാട്ടുകാരും ചേർന്ന് പ്രഭുവിന്റെ അരയിലെ കയർ വേർപെടുത്തി സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ വൈകീട്ട് 5.30ഓടെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ഇടതുകാലും ഇടതുകൈയും പൊട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.