നിലമ്പൂർ: വനംവകുപ്പിന്റെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കനോലി പ്ലോട്ടിന് സമീപം കെ.എൻ.ജി പാതക്ക് അരികിൽ പൂട്ടിക്കിടക്കുന്ന കേരള വുഡ് ഇൻഡസ്ട്രീസിന്റെ കെട്ടിടങ്ങൾ ഇക്കോ ടൂറിസത്തിന്റെ ഭാഗമാക്കാൻ നടപടി.
പദ്ധതിയുടെ ഭാഗമായി പി.വി. അൻവർ എം.എൽ.എ, കിഴക്കൻ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദ്, നോർത്ത് വനം അസിസ്റ്റന്റ് കൺസർവേറ്റർ എം. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടങ്ങൾ പരിശോധിച്ചു. 1981ലാണ് വനംവകുപ്പിന് കീഴിലെ സംസ്ഥാനത്തെ ഏക പൊതുമേഖല സ്ഥാപനമായി കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആരംഭിച്ചത്. 500 പേർക്ക് പ്രത്യക്ഷമായും 1,500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കിയാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. തേക്ക്, വീട്ടി എന്നിവയിൽനിന്ന് വെന്നീർ ഉൽപാദിപ്പിച്ച് വിദേശങ്ങളിലടക്കം വിൽപന നടത്തുകയും ഫർണിച്ചർ അടക്കമുള്ള ഉരുപ്പടികൾ നിർമിക്കുകയുമായിരുന്നു കമ്പനി ചെയ്തിരുന്നത്. നഷ്ടത്തിന്റെ പേരിൽ 1993 ജൂണിൽ സ്ഥാപനം ലോക്കൗട്ട് ചെയ്തു.
ഒമ്പത് വർഷത്തിനുശേഷം 2002ൽ കമ്പനി വീണ്ടും തുറന്നു. നഷ്ടം തുടർന്നതിനാൽ 2006ൽ വീണ്ടും പൂട്ടുകയായിരുന്നു. വനം വകുപ്പിന്റെ നോർത്ത് ഡിവിഷനിൽ ചാലിയാറിന് ഓരത്ത് 66 ഏക്കറിലാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 84 ഓളം കെട്ടിടങ്ങൾ ഇവിടെയുണ്ട്. വർഷങ്ങളായി ഇവ ഉപയോഗശൂന്യമാണ്.
നവീകരണം നടത്തി ഇവയെല്ലാം കൂട്ടിയിണക്കി പുതിയ ടൂറിസം പ്രോജക്ട് തയാറാക്കി ടൂറിസം ഹബ് ഉണ്ടാക്കുന്നതിനുള്ള ആലോചനയാണ് നടക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി വനം വകുപ്പിന്റെ അനുമതിയും പിന്തുണയും സി.സി.എഫ് ഉറപ്പ് നൽകിയിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ പുനരുദ്ധരിക്കാൻ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.