നിലമ്പൂർ: ഉൾവനത്തിലെ ഊരിൽ പ്രസവിച്ച ആദിവാസി യുവതിക്കും നവജാത ശിശുവിനും സഹായമേകി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വഴിക്കടവ് നെല്ലിക്കുത്ത് ഉൾവനത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലെ സെൽവെൻറ ഭാര്യ ശോഭയാണ് (42) വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ശോഭ വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
കോളനിയിൽ മൊബൈൽ റേഞ്ച് ലഭിക്കാത്തതിനാൽ കിലോമീറ്റർ അകലെയുള്ള അളക്കൽ കോളനിക്ക് ചേർന്നുള്ള പത്താം ക്വാർട്ടേഴ്സിലെ മകളുടെ വീട്ടിലെത്തിയാണ് സെൽവൻ വിവരം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചത്. ആശുപത്രി അധികൃതർ ഉടൻ കനിവ് 108 ആംബുലൻസിെൻറ സേവനം തേടി.
വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി. അഞ്ജു, പൈലറ്റ് പി.എച്ച്. സജയൻ എന്നിവർ മൂത്തേടം നെല്ലിക്കുത്ത് വഴി ഉൾക്കാട്ടിലെ ഊരിലേക്ക് തിരിച്ചു. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ സുമിത്ര, എൽ.എച്ച്.ഐ മിനി മാത്യു എന്നിവരും അനുഗമിച്ചു. മഴയും കാട്ടാന മേയുന്ന വനത്തിനുള്ളിലൂടെയുള്ള ദുർഘടമായ പാതയും താണ്ടിയാണ് ആരോഗ്യ സംഘം ശോഭയുടെ വീട്ടിലെത്തിയെത്. അമ്മക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സെൽവൻ-ശോഭ ദമ്പതികളുടെ ആറാമത്തെ കുഞ്ഞാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.