നിലമ്പൂർ: പുറം ലോകവുമായി ഒരു ബന്ധവുമില്ലാതിരുന്ന ഗോത്ര വിഭാഗക്കാരായ പച്ച മനുഷ്യർക്ക് നാടുമായും നാട്ടുകാരുമായും ബന്ധമുണ്ടാക്കിയെടുക്കാൻ അക്ഷീണം പ്രയത്നിച്ച അമ്മിണി ടീച്ചർ ഇനിയില്ല.
നാലു പതിറ്റാണ്ടോളം ചോലനായ്ക, കാട്ടുനായ്ക വിഭാഗത്തിലുള്ളവർക്ക് അറിവും അക്ഷരവും പകർന്നുനൽകിയ അമ്മിണി ടീച്ചർ ജീവിതത്തിൽനിന്ന് വിടവാങ്ങുമ്പോഴും സർക്കാരിൽനിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചില്ല. കൊടും കാടിനേക്കാളും വന്യമൃഗങ്ങളെക്കാളും വലിയ വെല്ലുവിളി അനുഭവിച്ചായിരുന്നു ടീച്ചറുടെ ജീവിതത്തിൽനിന്നുള്ള മടക്കം.
72ാം വയസ്സിൽ സർവിസിൽനിന്ന് വിരമിച്ച് ഉൾക്കാടിറങ്ങുമ്പോൾ വെറും കൈയോടെയായിരുന്നു ടീച്ചറുടെ മടക്കം. ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല.
സ്ഥിരം ജോലിയല്ലാത്തതിനാല്‍ അതുണ്ടാകില്ല എന്നാണ് അധികൃതർ നൽകിയ മറുപടി. എന്നിട്ടും പ്രതീക്ഷയോടെ ഓരോ സർക്കാർ വാതിലുകളിലും അവസാന നാളുകൾ വരെ മുട്ടിനോക്കി. ഒടുവിൽ പ്രതീക്ഷയറ്റ്, നീക്കിയിരിപ്പൊന്നുമില്ലാതെ, അധ്യാപന നാളുകളിലെന്നപോലെ ജീവിതത്തിൽനിന്നും അമ്മിണി ടീച്ചർ പടിയിറങ്ങി.
1982ലാണ് ഉൾക്കാട്ടിലെ പുഞ്ചക്കൊല്ലി ബാല വിജ്ഞാന കേന്ദ്രത്തില്‍ അമ്മിണി അധ്യാപിക ആയത്. പുഞ്ചക്കൊല്ലിയിലെ കൊടുങ്കാട്ടില്‍ പോയി ജോലിചെയ്യാന്‍ ആരും തയാറായിരുന്നില്ല. 30ാം വയസ്സില്‍ അമ്മിണി ആ വെല്ലുവിളി ഏറ്റെടുത്തു. മാസം 300 രൂപ ഓണറേറിയത്തിന് 1982 ജൂണ്‍ ഒന്നിലെ കൊടും മഴയില്‍ അമ്മിണി ടീച്ചര്‍ കാടുകയറി തുടങ്ങി.
വഴിക്കടവ് ആനമറിയിൽനിന്നും മൂന്നര കിലോമീറ്ററോളം ഉള്‍ക്കാട്ടിലൂടെയുള്ള കാൽനടയാത്ര. വഴിയില്‍ കാട്ടാനക്കൂട്ടം പതിവാണ്. പ്രാണൻ കൈയിൽപിടിച്ചുള്ള നടത്തവും ഇടക്ക് ഓട്ടവും. പുന്നപ്പുഴയും കോരംപുഴയും മുറിച്ച് കടക്കണം.
ചങ്ങാടത്തില്‍ കോരമ്പുഴ കടക്കുക എന്നാൽ അതിസാഹസികം. കോളനിയിൽ ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുഞ്ഞുങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും. മൂന്നര വയസ്സുമുതല്‍ ആറുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പാട്ടും കഥയും അറിവും പകര്‍ന്ന് ഉച്ചഭക്ഷണവും കൊടുത്ത് ടീച്ചറുടെ ഒരു പകല്തീരുകയാണ്. വൈകീട്ട് കാടിറങ്ങും. വസ്ത്രവും അടിസ്ഥാന സൗകര്യവുമില്ലാത്ത കുഞ്ഞുങ്ങള്‍, കുഷ്ഠരോഗം, ലിപികളില്ലാത്ത ഭാഷ, അവരുടെ ഭാഷ ടീച്ചര്‍ക്ക് മനസ്സിലാവില്ല.
പതുക്കെ അവരിലൊരാളായി. കുഞ്ഞുങ്ങളെ അക്ഷരങ്ങളിലേക്ക് ആകര്‍ഷിച്ചു. കോളനിയിലുള്ളവരുടെ രോഗവിവരങ്ങള്‍ ആരോഗ്യവിഭാഗത്തെയും പട്ടികവര്‍ഗ വകുപ്പിനെയും അറിയിച്ചു. അവരെ കോളനികളിലെത്തിച്ചു. കോളനിക്കാരുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിലെല്ലാം നിരന്തരം ഇടപെട്ടു.
ആദ്യാക്ഷരം കുറിച്ചുകൊടുത്ത കുഞ്ഞുങ്ങള്‍ വളര്‍ന്നുവലുതായി. അവരുടെ മക്കളെയും മക്കളുടെ മക്കളെയും പഠിപ്പിച്ചതും അമ്മിണി ടീച്ചര്‍ തന്നെയായിരുന്നു.
2018 മുതല്‍ 4000 രൂപയായിരുന്നു വരുമാനം. അമ്മിണ ടീച്ചറെ അവസാനമായി കാണാൻ കൊടും കാടിറങ്ങി ആദിവാസികളുമെത്തി. നാട്ടിലുള്ളവർക്ക് അമ്മിണി ടീച്ചറെ മനസ്സിലായിട്ടില്ലെങ്കിലും തങ്ങളുടെ എല്ലാം എല്ലാമായ ടീച്ചറെ കണ്ട് അവരും കാട്ടിലേക്കും മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.