നിലമ്പൂർ: രാത്രി നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപ്പാലം ചക്കിട്ടപ്പാറ മുള്ളൻകുന്ന് ചിറക്കൊല്ലി മീത്തൽ വീട്ടിലെ വിനൂപ് എന്ന വിനുവിനെയാണ് (31) വഴിക്കടവ് സബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോസഫിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മഫ്തി വേഷത്തിലെത്തിയ പൊലീസ് വഴിക്കടവ് പാലാടുനിന്ന് പ്രതിയുടെ ഓട്ടോ ട്രിപ്പിന് വിളിച്ച് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. എടക്കര കാറ്റാടിയിൽ എംസാൻഡ് യൂനിറ്റിലും വഴിക്കടവ് മുണ്ടയിലെ ഷെഡിലും നിർത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രങ്ങളിൽനിന്നും മുണ്ടയിൽ റോഡരികത്തു നിർത്തിയിട്ട ലോറിയുടെ ഭാഗങ്ങളും അടുത്ത ദിവസങ്ങളിലായി മോഷണം പോയിരുന്നു. ഇതേതുടർന്ന് വഴിക്കടവ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീറിെൻറ മേൽനോട്ടത്തിൽ ആക്രിക്കടകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണസാധനങ്ങൾ നിലമ്പൂരിലെ ആക്രിക്കടകളിലാണ് വിൽപന നടത്തിയത്.
ദിവസ വാടകക്കെടുത്ത ഓട്ടോയിൽ സംശയം തോന്നാതിരിക്കാൻ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയെയും കൂടെ കൂട്ടിയിരുന്നു. 20,000 രൂപ വരെ വിലയുള്ള ബാറ്ററികൾ 5000ത്തിനു താഴെ വിലക്കാണ് വിറ്റിരുന്നത്. ഓട്ടോയിലുള്ള യാത്രക്കാരിയുടെ വീട്ടിലെ ഇൻവെർട്ടർ മിന്നലിൽ തകരാറിലായെന്നും അതിെൻറ ബാറ്ററിയാണിതെന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തൊണ്ടി സാധനങ്ങളുടെ വിൽപന.
പ്രതി മുമ്പ് നിരവധി ക്രിമിനൽ കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്പ് തിരുവനന്തപുരം പാറശാലയിൽ ടാങ്കറിൽ സ്പിരിറ്റ് കടത്തിയ കേസിലും, ലോക്ഡൗൺ സമയത്ത് കുറ്റ്യാടിയിൽ പാതയോരത്തു നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച് കോട്ടയത്തേക്കു കടത്തിയ കേസിലുമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ചുവെച്ചാണ് അടുത്തിടെ വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട്ടുവെച്ച് പരിചയപ്പെട്ട് പ്രണയിച്ചു വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.