നിലമ്പൂർ: സമാനതകളില്ലാത്ത കരുണയുടെ പെരുമ തീർത്ത് മമ്പാട് സ്റ്റാർച്ച് ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ചൊവ്വാഴ്ച ബിരിയാണിയുടെ സുഗന്ധം പരക്കും. പഞ്ചായത്തിലെ രണ്ടു കിഡ്നി രോഗികളുടെ ചികിത്സ സഹായത്തിനായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മെഗാ ബിരിയാണി ചലഞ്ച് നടക്കുന്നത്.
ജനപങ്കാളിത്തം കൊണ്ട് നിറഞ്ഞതോടെ തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് തന്നെ ഓർഡർ സ്വീകരിക്കുന്നത് സംഘാടകർ നിർത്തിവെച്ചു. 29,300 പൊതികൾക്ക് ഓർഡർ ആയതോടെയാണ് സ്വീകരിക്കൽ നിർത്തിവെക്കാൻ സംഘാടകർ നിർബന്ധിതരായത്. ഓർഡറുകൾ വീണ്ടും വന്നുക്കൊണ്ടിരിക്കുകയാണ്. 3500 കിലോഗ്രാം അരിയൊരുക്കി കാൽലക്ഷം പൊതികൾ വിതരണത്തിന് ഒരുക്കണമെന്നായിരുന്നു സംഘാടകരുടെ തീരുമാനം.
എന്നാൽ, ഇത് 29,300 പൊതികളിലേക്ക് നീണ്ടു. 4000 കിലോഗ്രാം അരിയാണ് വെക്കുന്നത്. മമ്പാട് സ്റ്റാർച്ച് ഓഡിറ്റോറിയത്തിലാണ് സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ബിരിയാണി ഒരുക്കുന്നത്. 200ഓളം ചെമ്പുകളിൽനിന്നും ബിരിയാണിയുടെ സുഗന്ധം പരന്നൊഴുകും. ബിരിയാണി വെപ്പിൽ പ്രാഗല്ഭ്യം തെളിയിച്ച മമ്പാട്ടിലെ പാചകക്കാർ തന്നെയാണ് കൂലിവാങ്ങാതെ ബിരിയാണി ഒരുക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ മങ്കമാർ സഹായത്തിനായി
രംഗത്തുണ്ട്. പഞ്ചായത്തിലെ 40ഓളം ക്ലമ്പുകളും മത-രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വാളന്റിയർമാരും ആർ.ആർ.ടി പ്രവർത്തകരും ചലഞ്ചിൽ കൈകോർക്കുന്നുണ്ട്. ക്ലബുകളാണ് ബിരിയാണി പൊതികൾ വീടുകളിലെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.