നിലമ്പൂർ: ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 6.33 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ എരഞ്ഞിമങ്ങാട് മതിൽമൂല സ്വദേശിയായ 20കാരനെ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 9.55ന് ചന്തക്കുന്ന് വെളിയന്തോടാണ് സംഭവം. എക്സൈസ് സംഘത്തിെൻറ പ്രത്യേക വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
ഓണം സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി പി.ആർ. പ്രദീപ് കുമാറിെൻറ നേതൃത്വത്തിലുള്ള നിലമ്പൂർ സർക്കിൾ പാർട്ടിയും മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിെൻറ നേതൃത്വത്തിലുള്ള മലപ്പുറം ഐ.ബി പാർട്ടിയും നിലമ്പൂർ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോെൻറ നേതൃത്വത്തിലുള്ള നിലമ്പൂർ റേഞ്ച് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓടിപ്പോയ രണ്ടുപേരെയും പ്രതി ചേർത്തു. 10 ദിവസം കൊണ്ട് നിലമ്പൂരിൽനിന്ന് ഇതേ എക്സൈസ് സംഘം 38 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ലഹരിക്കടത്തിന് ഉപയോഗിച്ച ലോറി, കാർ, ബൈക്ക് എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിലമ്പൂർ മേഖലയിലെ ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചും വിൽപനക്കാരെക്കുറിച്ചും വിവരം ശേഖരിക്കുന്ന ഇൻറലിജൻസ് വിഭാഗവും ഫീൽഡ് ഓഫിസുകളും സംയുക്തമായി പ്രവർത്തിച്ചാണ് ലഹരിവിൽപനക്കാരെ വലയിലാക്കുന്നത്. പച്ചക്കറിക്കിടയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 26.5 കിലോ കഞ്ചാവ് വഴിക്കടവ് ചെക്ക്പോസ്റ്റിൽ വെച്ചും ആഡംബര കാറിൽ കടത്തിയ അഞ്ചു കിലോ കഞ്ചാവ് വടപുറത്ത് വെച്ചും കഴിഞ്ഞ ആഴ്ചകളിൽ എക്സൈസ് സംഘം പിടികൂടിയിരുന്നു.
പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ എം. ഹരികൃഷ്ണൻ, പി. അശോക്, സിവിൽ എക്സൈസ് ഓഫിസർമാരായ സി. അബ്ദുൽ റഷീദ്, രാകേഷ് ചന്ദ്രൻ, സബിൻദാസ്, അഖിൽദാസ്, എബിൻ സണ്ണി, എം. ജംഷീദ്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേസുകളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. പ്രദീപ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.