നിലമ്പൂർ: അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ നിലമ്പൂർ ജനതപ്പടിയിലെ കലുങ്ക് നിർമാണം അതിവേഗം പൂർത്തീകരിക്കണമെന്നും പ്രവൃത്തി രാത്രിയിൽ നടത്തണമെന്നും ആവശ്യം.
ആഘോഷദിവസങ്ങളോട് അടുപ്പിച്ചുള്ള നിർമാണ പ്രവൃത്തി വ്യാപാരികൾക്കും യാത്രകാർക്കും ഏറെ തിരിച്ചടിയായിരിക്കുകയാണ്. ടൗണിലെ നിർമാണ പ്രവൃത്തി മൂലം മണിക്കൂറുകളാണ് വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ഏഴിന് തന്നെ ഗതാഗത കുരുക്ക് തുടങ്ങി. കൊടും ചൂടിൽ മണിക്കൂറുകളാണ് യാത്രകാർ കുരുക്കിൽപ്പെട്ട് വഴിയിൽ കിടക്കുന്നത്.
പെരുന്നാൾ, വിഷു നാളുകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാതെ മടങ്ങുന്നത് വ്യാപാരികൾക്ക് തിരിച്ചടിയാവുന്നുണ്ട്. അതികഠിനമായി ചുട്ട് പൊള്ളുന്ന സമയത്ത് ബസ്സിലെ യാത്രക്കാരും മറ്റു വാഹനങ്ങളിലെയും ഇരുചക്രവാഹനങ്ങളിലെയും യാത്രക്കാർ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നുണ്ട്. കുരുക്ക് കാരണം സമയത്തിന് സർവീസ് നടത്താനാവാതെ ചില സ്വകാര്യബസുകൾക്ക് ചില ട്രിപ്പുകൾ നിർത്തിവെക്കേണ്ടതായി വന്നു. കലുങ്ക് നിർമാണം രാത്രിയിൽ നടത്തണമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഒർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ നില തുടർന്നാൽ ബസ് സർവിസ് നിർത്തുക മാത്രമാണ് പോംവഴിയെന്ന് ബസ് ഓപറേറ്റേഴ്സ് ഒർഗനൈസേഷൻ ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.