നിലമ്പൂർ: നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പദ്ധതി നടത്തിപ്പ് വൈകുന്നതിനെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ പ്രതിഷേധങ്ങളിലാണെന്നും വിഷയം പാർലമെന്റിലടക്കം വിവിധ വേദികളിൽ താൻ നേരത്തേ ഉന്നയിച്ചതാണെന്നും കത്തിൽ പറഞ്ഞു.
2016-2017ലെ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമിൽ നിലമ്പൂർ-നഞ്ചൻകോട് പാത നിർമാണം ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കേരള സർക്കാറിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനെ (കെ.ആർ.ഡി.സി.എൽ) പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തി. എങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.
പരിമിതമായ റെയിൽവേ കണക്റ്റിവിറ്റിയും എൻ.എച്ച് 766ലെ രാത്രി ഗതാഗത നിരോധനവും വയനാട് പാർലമെന്റ് മണ്ഡലത്തിലെ അന്തർസംസ്ഥാന യാത്രയെ പ്രതികൂലമായി ബാധിച്ചു.
പദ്ധതി പൂർത്തിയാകുമ്പോൾ നിലമ്പൂർ-നഞ്ചൻകോട് പാത ബംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറക്കും.
ഈ മേഖലയിലെ ഉപജീവനസാധ്യതകൾ മെച്ചപ്പെടും. പദ്ധതി നടത്തിപ്പിലെ അകാരണമായ കാലതാമസം സംബന്ധിച്ച് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.