കരുവാരകുണ്ട്: കോവിഡ് വ്യാപന തോത് വർധിക്കുന്ന സാഹചര്യത്തിൽ കരുവാരകുണ്ടിലെ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. വോട്ടുതേടൽ ഉൾപ്പെടെയുള്ള പൊതുസമ്പർക്ക പരിപാടികൾക്ക് നിയന്ത്രണമില്ലാതായതോടെയാണ് വകുപ്പ് 18 ഇന നിർദേശങ്ങൾ സ്ഥാനാർഥികൾക്ക് നൽകിയത്. കരുവാരകുണ്ടിൽ മാത്രം രോഗബാധിതരുടെ എണ്ണം 1008 ആണ്.
വണ്ടൂർ നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഇരട്ടിയോളമാണിത്. ഏറ്റവും വലിയ പഞ്ചായത്തായ വണ്ടൂരിൽ 586, കാളികാവിൽ 350 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുള്ളത്.
മാത്രമല്ല 20ൽ 15 ആണ് കരുവാരകുണ്ടിലെ പോസിറ്റിവിറ്റി നിരക്ക്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രചാരണത്തിനിറങ്ങിയാൽ തെരഞ്ഞെടുപ്പ് അടുക്കുംതോറും പകർച്ച തോത് വൻതോതിൽ കൂടുമെന്നാണ് മുന്നറിയിപ്പ്. വർഷങ്ങളായി വീട്ടിൽതന്നെ കഴിയുന്ന ഒരാൾ ആഴ്ചകൾക്ക് മുമ്പ് കോവിഡ് ബാധിച്ച് പുൽവെട്ടയിൽ മരിച്ചിരുന്നു. വോട്ടുതേടൽ സംഘത്തിൽ അഞ്ചിലധികം പേർ പാടില്ലെന്നും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പിറക്കിയ നിർദേശങ്ങളിൽ പറയുന്നു. വീടുകളിൽ കയറുക, കുട്ടികളെ ലാളിക്കുക, പ്രായമേറിയവർ, രോഗികൾ എന്നിവരുമായി ഇടപഴകുക എന്നിവയും സ്ഥാനാർഥികൾ ഒഴിവാക്കണം. നോട്ടീസ്, ലഘുലേഖ എന്നിവ ഒഴിവാക്കി പ്രചാരണം പരമാവധി സാമൂഹിക മാധ്യമങ്ങൾ വഴിയാക്കണമെന്നും 18 ഇന നിർദേശങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.