നിലമ്പൂർ: കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ രോഗികൾക്ക് ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന സൗജന്യ മരുന്ന് വിതരണത്തിന് തുടക്കം. നിലമ്പൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മരുന്ന് വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ നിർവഹിച്ചു.
വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. കോവിഡ് ചട്ടം പാലിച്ച് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട ഏതാനും രോഗികളും എച്ച്.എം.സി അംഗങ്ങളും സംബന്ധിച്ചു.
30 ലക്ഷം രൂപ പ്രാഥമിക ഘട്ടത്തിൽ വകയിരുത്തിയ ഈ പദ്ധതിയിൽ ജില്ലയിലെ കരൾ മാറ്റിവെച്ച മുഴുവൻ രോഗികളെയും ഉൾപ്പെടുത്തിയെന്നും ആവശ്യമായ തുക വകയിരുത്തുമെന്നും പ്രസിഡൻറ് പറഞ്ഞു.
രോഗികൾ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന അതേ ബ്രാൻഡ് മരുന്നുകൾ തന്നെയാണ് നൽകുക. ഇതിനായി ചികിത്സ വിവരങ്ങളും മരുന്ന് സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നിലമ്പൂർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അബൂബക്കറാണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്. ഇനി മുതൽ എല്ലാ മാസവും രോഗികൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽനിന്ന് സൗജന്യമായി മരുന്ന് കൈപ്പറ്റാം. ആദ്യതവണ രോഗികൾ നേരിട്ട് ഹാജരാവണം. പിന്നീട് ചുമതലപ്പെടുത്തുന്നവർക്കും മരുന്ന് വാങ്ങാം.
സ്ഥിരംസമിതി അധ്യക്ഷരായ സറീന ഹസീബ്, എൻ.എ. കരീം, മെംബരായ ഷെറോണ റോയ്, ഫൈസൽ എടശ്ശേരി, വി.കെ.എം. ഷാഫി, കെ. സലീന, കെ.ടി. അജ്മൽ, സെക്രട്ടറി നാലകത്ത് അബ്ദുൽ റഷീദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.