നിലമ്പൂർ: സ്വകാര്യ ബസുടമകളുടെ പേരിൽ അമിത പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെ നടപടി തുടരുകയാണെങ്കിൽ സർവിസ് നിർത്തിവെച്ച് പെർമിറ്റുകൾ സറണ്ടർ ചെയ്യാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ് കുമാർ. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നിലമ്പൂർ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറ്റകുറ്റപ്പണികൾക്കുവേണ്ടിയും മറ്റും നിർത്തിയിടുന്ന ബസുകളുടെ ഫോട്ടോയെടുത്ത് പെർമിറ്റ് വയലേഷന്‍ പിഴ ചുമത്തുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. ബസ് നിരക്ക് വർധിപ്പിച്ചെങ്കിലും സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ 50 ശതമാനത്തിലധികം വരുന്ന വിദ്യാർഥികളുടെ ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയിരുന്നില്ല.
ഇക്കാര്യത്തിൽ കമീഷനെ നിയമിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് വാങ്ങിയശേഷം നിരക്ക് വർധന നടപ്പാക്കാമെന്ന് സർക്കാർ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടപ്പായില്ല. ബസ് വ്യവസായത്തെ തകർക്കുന്ന ഇത്തരം നടപടികൾ ഇനിയും തുടരുകയാണെങ്കിൽ സർവിസ് നിർത്തിവെക്കാൻ നിർബന്ധിതമാകുമെന്ന് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനെ അറിയിച്ചു.
താലൂക്ക് പ്രസിഡന്റ് മുഹമ്മദലി നവനീത അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയന്റ് സെക്രട്ടറി രാജശേഖരൻ, ജില്ല പ്രസിഡന്റ് ബ്രൈറ്റ് നാണി ഹാജി, വിവിധ താലൂക്ക് ഭാരവാഹികളായ അനിൽ നിലമ്പൂർ, മുനീർ വണ്ടൂർ, എൻ.കെ. ശിശുപാലൻ, വെട്ടത്തൂർ മുഹമ്മദലി ഹാജി, റഫീഖ് പടിക്കൽ, മൈ ബ്രദർ മജീദ്, കുഞ്ഞിമൊയ്തീൻ തോട്ടത്തിൽ, റസാഖ് ഏഞ്ചൽ ബേബി, സുധീർ ബാബു എന്നിവർ സംസാരിച്ചു.
'ബസ് കൺസഷൻ ദുരുപയോഗം ഒഴിവാക്കണം'
നിലമ്പൂർ: വിദ്യാർഥികൾക്ക് അനുവദിച്ച യാത്ര കൺസഷൻ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിലമ്പൂർ താലൂക്ക് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വീട്ടിൽനിന്ന് വിദ്യാലയങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമാണ് കൺസഷൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ, അല്ലാത്ത യാത്രകൾക്കും കാർഡ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. താലൂക്ക് പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ, നിയാസ് ചാലിയാർ, കെ.ടി. മെഹബൂബ്, എം. ദിനേശ് കുമാർ, വാക്കിയത്ത് കോയ, ഷമീർ അറക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.