നിലമ്പൂർ: അട്ടപ്പാടിയിലെ ആദിവാസികൾക്ക് വീട് നിർമിച്ചുനൽകാനുള്ള കരാറിൽ പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും ക്രൈംബ്രാഞ്ചും എടുത്ത കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ട നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ബഷീർ തൽസ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ്. മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കി കേസ് തീർപ്പാക്കണമെന്ന ഹൈകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്തുന്നതുവരെ ഔദ്യോഗികസ്ഥാനം രാജിവെക്കണമെന്നാണ് ആവശ്യമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അടിസ്ഥാന വിഭാഗങ്ങളായ ആദിവാസികളെ കബളിപ്പിച്ച സി.പി.ഐ ജില്ല നേതാവുകൂടിയായ ബഷീറിന്റെ രാജി ഇടതുമുന്നണി എഴുതി വാങ്ങണം. പൊലീസ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചപ്പോൾ ബഷീർ രണ്ടാം പ്രതിയായിരുന്നു.
എന്നാൽ, പിന്നീട് കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ബഷീറിനെ ഒന്നാം പ്രതിയാക്കി. അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായത് ബഷീറിന്റെ അറിവോടെയാണെന്നും നേതാക്കൾ ആരോപിച്ചു. രാജി ആവശ്യപ്പെട്ട് ശനിയാഴ്ച നിലമ്പൂർ നഗരസഭയിലേക്ക് മാർച്ച് നടത്തും.
വാർത്തസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, മൂർഖൻ മാനു, ഷിബു പുത്തൻവീട്ടിൽ, ഷഫീഖ് മണലോടി, റനീഷ് കാവാട്, മുഹസിൻ ഏനാന്തി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.