നിലമ്പൂർ: ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് നടക്കുന്ന സ്പെഷൽ റിക്രൂട്ട്മെന്റിൽ ഗോത്രവിഭാഗത്തിൽനിന്ന് അഞ്ചുപേർ തിരഞ്ഞെടുക്കപ്പെട്ടു. വഴിക്കടവ് നെല്ലിക്കുത്ത് വനാന്തർഭാഗത്തെ പുഞ്ചക്കൊല്ലി കോളനിയിൽനിന്നാണ് രണ്ട് യുവതികൾ ഉൾപ്പെട്ട അഞ്ചുപേർ എഴുത്തുപരീക്ഷയിൽ വിജയിച്ച് തിരഞ്ഞെടുക്കപ്പെട്ടത്. വനം വകുപ്പിന്റെ പട്ടികയിൽ ഉൾപ്പെട്ടവരാണിവർ.
എഴുത്തുപരീക്ഷയിൽ വിജയിച്ച ഇവർക്ക് വനം വകുപ്പിന്റെ നേതൃത്വത്തിൽ കായിക പരിശീലനം തുടങ്ങി. ആദിവാസി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ കായികപരിശീലനം തുടങ്ങി. പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിലെ 17 ഗോത്രവർഗ യുവതീയുവാക്കൾക്ക് പുഞ്ചക്കൊല്ലി ആദിവാസി വനസംരക്ഷണ സമിതിയും നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും മാസങ്ങളായി പരിശീലനം നൽകിവന്നിരുന്നു. ഇതിൽ ഉൾപ്പെട്ട അഞ്ച് പേരാണ് എഴുത്തുപരീക്ഷയിൽ പാസായത്.
നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എൻ. അബ്ദുൽ ജലീൽ, പുഞ്ചക്കൊല്ലി വനസംരക്ഷണ സമിതി സെക്രട്ടറി ബീറ്റ് ഫോറസ്റ്റ് ഓഫിസറായ എം.എസ്. സന്തോഷ്, വനം ഓഫിസർമാരായ വി. ലാൽ, വി. നാഥ്, ജി.എസ്. ശ്രീലാൽ, സലീഷ്, ഹരീഷ്, അമൃത രഘുനാഥൻ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പുന്നപ്പുഴക്ക് പാലമില്ലാത്തതിനാൽ പുഴ നീന്തിക്കടന്ന് ഉദ്യോഗാർഥികൾക്ക് പുറത്ത് പോയി പരിശീലനം നേടാൻ കഴിയാത്ത സാഹചര്യത്തിലാണ് വനപാലകർ കോളനിയിലെത്തി പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്ക് 18 വയസ്സ് പൂർത്തിയാകുന്ന മുറക്ക് ഇവരെ തൊഴിൽ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തും.
ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ തുടങ്ങിയ ക്ലാസ് പിന്നീട് ദിവസവും രാവിലെ മുതൽ വൈകീട്ടുവരെ ആക്കിയതായി വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബോബി കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.