നിലമ്പൂര്‍: നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ഗേറ്റിനുപകരം അടിപ്പാത നിർമിക്കാൻ തീരുമാനം. പി.വി. അൻവർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. നിലമ്പൂർ താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിൽ കെ-റെയിൽ അധികൃതരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. അടിപ്പാത നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും. അടുത്ത ജൂലൈയിൽ പൂർത്തീകരിക്കാനാണ് തീരുമാനം. 14 കോടി ചെലവിലാണ് നിര്‍മാണം. ഒമ്പത് മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ ഉയരത്തിലും കോണ്‍ക്രീറ്റ് ബോക്സ് നിര്‍മിക്കും. എട്ട് മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കും.
മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അടിപ്പാത നിര്‍മാണം തടസ്സപ്പെടാതിരിക്കാനാണ് അടിയന്തരമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം, തഹസില്‍ദാര്‍ എം.പി. സിന്ധു, കെ-റെയില്‍ പ്രതിനിധികളായ കെ. ഹരിദാസന്, മിഥുന് ജോസഫ്, കിഫ്ബി എ.ഇ പ്രിന്‍സ് ബാലന്, ജോയന്റ് ആര്.ടി.ഒ കെ.പി. ദീലിപ്, പൊതുമരാമത്ത് വകുപ്പ് പ്രതിനിധി ഒ. സച്ചിന് എന്നിവര്‍ പങ്കെടുത്തു. യോഗശേഷം അടിപ്പാത നിര്‍മാണ പ്രദേശം എം.എല്‍.എയും കെ-റെയില്‍ അധികൃതരും സന്ദര്‍ശിച്ചു. പ്രവൃത്തി തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ പ്രാദേശിക റൂട്ടുകള്‍ തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.