നിലമ്പൂര്‍: മലയോര മേഖലയിൽ വനം വകുപ്പ് നടത്തുന്ന വനാതിർത്തി നിർണയ സർവേ വിഷയം പ്രത‍്യേകമായി പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. നിയമസഭയിൽ പി.വി. അൻവർ എം.എൽ.എ കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇപ്പോൾ നടക്കുന്ന സർവേ മലയോര കർഷകരായ പാവപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാക്കിയെന്നും സർവേ നടപടികൾ നിർത്തിവെക്കണമെന്നുമാണ് എം.എൽ.എ സബ്മിഷനിലൂടെ ആവശ‍്യപ്പെട്ടത്.
പോത്തുകല്ല് പഞ്ചായത്തിലെ പാതാര്‍, മാലാകുണ്ട്, അതിരുവീട്ടി, വാളാംകൊല്ലി, ഭൂതാനം. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട, വിളകണ്ണമ്പാറ മേഖലകളിലെ 1978ല്‍ കൃഷിക്കായി അനുവദിച്ച ഭൂമി മേൽ സർവേ സ്കെച്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കുമെന്ന് മന്ത്രി മറുപടി നൽകി. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കുന്ന കാര്യം പരിഗണിക്കും.
ജില്ലയിലെ മലയോര മേഖലകളിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ 1978 ഡിസംബര്‍ 14ന് 1917.484 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി കര്‍ഷകര്‍ക്ക് പതിച്ചുനല്‍കാനായി റവന്യൂ വകുപ്പിന് കൈമാറിയിരുന്നു.
കേന്ദ്ര വനാവകാശ നിയമം നിലവില്‍ വന്ന 1980 ഒക്ടോബര്‍ 25ന് 1194.38 ഹെക്ടര്‍ ഭൂമിക്ക് മാത്രമേ റവന്യൂ വകുപ്പ് പട്ടയം അനുവദിച്ചുള്ളൂ. നിയമം വന്നതോടെ ബാക്കി ഭൂമി നിക്ഷിപ്ത വനഭൂമിയായി നിലനിര്‍ത്തേണ്ടി വന്നു. ഇതിനകം പതിച്ചു നൽകാത്ത ഭൂമിയിൽ കര്‍ഷകര്‍ കൃഷി ആരംഭിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ഈ ഭൂമിക്ക് ഇനി പട്ടയം നല്‍കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണം. അതിനാല്‍ നിലവില്‍ ഈ ഭൂമി കൈയേറ്റ ഭൂമിയായാണ് കണക്കാക്കുന്നത്. സുപ്രീംകോടതി വനഭൂമിയിലെ കൈയേറ്റം റെഗുലറൈസ് ചെയ്യുന്നത് വിലക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പട്ടയം അനുവദിക്കാത്ത റവന്യൂ വകുപ്പിന് കൈവശമുള്ള നിക്ഷിപ്ത വനഭൂമി വനം വകുപ്പിന് കൈമാറാന്‍ 2002 നവംബര്‍ എട്ടിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി നിര്‍ദേശിച്ച പ്രകാരമാണ് സര്‍വേ തുടരുന്നത്. ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരങ്ങള്‍ മുറിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍ നടപടിയുണ്ടാകൂ.
സര്‍വേ നടക്കുമ്പോള്‍ സാധാരണഗതിയില്‍ പ്രദേശത്തെ ജനപ്രതിനിധികളെ അറിയിക്കേണ്ടതില്ല. എന്നാലിപ്പോള്‍ സര്‍വേ നടക്കുന്ന കാര്യം ജനപ്രതിനിധികളെ കൂടി അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1974 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തിലെ സ്കെച്ചിന്‍റെ അടിസ്ഥാനത്തിലാണ് നിലവില്‍ സര്‍വേ നടത്തുന്നത്. അതിര്‍ത്തി തിരിക്കുന്ന നടപടികള്‍ മാത്രമാണിപ്പോള്‍ സ്വീകരിക്കുന്നത്. സര്‍വേക്കിടയില്‍ ആരെയും കുടിയിറക്കുകയോ ഭൂമി പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.