നിലമ്പൂർ: നെല്ലിക്കുത്ത് വനാതിർത്തി പ്രദേശമായ വഴിക്കടവ് ആനമറിയിൽ ഒറ്റയാനിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തി. കൊളപ്പറ്റ കൃഷ്ണൻ, ഉള്ളാട്ടിൽ മുഹമ്മദ്, പുളിക്കലകത്ത് റുക്കിയ, ഈന്തൻ കുഴിയൻ മുഹമ്മദാലി, പൂക്കാട്ടിൽ ഉദയകുമാർ എന്നിവരുടെ തെങ്ങ്, കമുങ്ങ്, വാഴ എന്നിവയാണ് ഒറ്റയാൻ നശിപ്പിച്ചത്. വീട്ടുമുറ്റങ്ങളിലെ കൃഷിയാണ് നശിപ്പിച്ചവയിൽ അധികവും. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയും ശനിയാഴ്ച പുലർച്ചയുമായി പലതവണ ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി.
പടക്കം പൊട്ടിച്ചും ബഹളംവെച്ചും നാട്ടുകാരും കർഷകരും ആനയെ കാട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും പിന്നീട് പലതവണയായി വീണ്ടും ആന കൃഷിയിടത്തിലെത്തി.
കുടുംബങ്ങൾ തിങ്ങിപാർക്കുന്നിടമാണിത്. ഇവിടെ വനാതിർത്തിയിലെ വൈദ്യുതി തൂണിൽ വെളിച്ചം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പുലരുവോളം കാട്ടാനയുടെ ഭീഷണി ഉണ്ടായതിനാൽ മദ്റസക്ക് ശനിയാഴ്ച അവധിനൽകി. പുലർച്ച ഇതുവഴിയാണ് കുട്ടികൾ മദ്റസയിലേക്ക് വരുന്നത്. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഇവിടെ വനാതിർത്തിയിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ നടന്നുവരുന്നുണ്ട്.
രണ്ടാംപാടം വനം ഔട്ട്പോസ്റ്റ് മുതൽ ആനമറി ഫോറസ്റ്റ് സ്റ്റേഷൻ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുമെണ് വനം വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, ആനമറിയുടെ കുറച്ച് ഭാഗത്തേക്ക് ഫെൻസിങ് എത്തുന്നില്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ആനമറി ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപം പുഞ്ചക്കൊല്ലി വനപാത വരെ ഫെൻസിങ് നീട്ടിയാലെ വേലി ഉപകാര പ്രദമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.