നിലമ്പൂർ: മലയോരത്ത് വെള്ളിയാഴ്ചയും കനത്ത മഴ. വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂറിൽ നിലമ്പൂർ മേഖലയിൽ 71.8 മി.മീറ്റർ മഴ രേഖപ്പെടുത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പൊന്നാനിയിലാണ്. 90 മി.മീറ്റർ. അങ്ങാടിപ്പുറം 48.4 മഴ രേഖപ്പെടുത്തി.
ചാലിയാറിെൻറ പ്രധാന പോഷകനദിയായ കുതിരപ്പുഴയിൽ രാവിലെ 11ന് 17.195 വാട്ടർ ലെവൽ രേഖപ്പെടുത്തി. മുന്നറിയിപ്പ് ലെവൽ 17.900 ആണ്.
അതീവ അപകടത്തോത് 18.900 ലെവൽ ആണ്. വയനാടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിലും പോഷകനദികളിലും മലവെള്ളപ്പാച്ചിലുണ്ടായി. ചാലിയാറിെൻറ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടൽ സാധ‍്യതയുണ്ടെന്ന മുന്നറിയിപ്പുമായി വെള്ളിയാഴ്ച അർധരാത്രിയോടെ അധികൃതർ സമൂഹമാധ‍്യമങ്ങൾവഴി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെ മലയോരമേഖല തീർത്തും ആശങ്കപ്പെട്ടു. മുന്നറിയിപ്പ് പോലെതന്നെ വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി ചാലിയാറിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ചെയ്തു.
കുടുംബങ്ങൾ നദീതീർത്തുനിന്ന് മാറിയിരുന്നതിനാൽ ആളപായമുണ്ടായില്ല. വനംവകുപ്പിെൻറ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കനോലിപ്ലോട്ടിലെ തേക്ക് തോട്ടത്തിലേക്ക് ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം മലവെള്ളപ്പാച്ചിലിൽ പൂർണമായും തകർന്നു. 179 മീറ്റർ നീളത്തിലുള്ള തൂക്കുപാലത്തിെൻറ തൂണിലേക്ക് കൂറ്റൻ മരംവീണ് കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്നിരുന്നു.
താൽക്കാലികമായി അടച്ചിട്ട പാലം പുനർനിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തിക്ക് ഒരുങ്ങുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പൂർണമായും തകർന്നത്.
ചാലിയാറിെൻറ പോഷകനദികളിലൊന്നായ കാരക്കോടൻ പുഴക്ക് കുറുകെ വഴിക്കടവ് പഞ്ചായത്തിൽ വെള്ളക്കട്ട-കാരക്കോട് റോഡിലെ പാറക്കടവ് കോൺക്രീറ്റ് പാലവും പുഴയിലൂടെയുള്ള മലവെള്ളപ്പാച്ചിലിൽ പൂർണമായും തകർന്നു.
അന്തർസംസ്ഥാനപാതയിൽ നിലമ്പൂർ വെളിയംതോട്, ജനതപ്പടി എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും വെള്ളം കയറി ഇടവിട്ടസമയങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഇവിടങ്ങളിലെ കടകളിലും വെള്ളം കയറി.
കരുവാരകുണ്ട്: കനത്ത മഴ തുടരുന്നതിനിടെ കഴിഞ്ഞ വർഷം വൻ ഉരുൾപൊട്ടലുണ്ടായ മണലിയാംപാടം ഭീതിയിൽ. വെള്ളിയാഴ്ച രാവിലെ ഇവിടെ നേരിയതോതിൽ അനക്കം അനുഭവപ്പെട്ടതായി ഒരു കർഷകൻ പറഞ്ഞു.
ഇതിന് പിന്നാലെ ഒരു ഗർത്തം രൂപപ്പെടുകയും ചെയ്തു. സമീപത്തെ ജാതിമരവും അഞ്ച് വാഴകളും മണ്ണിനടിയിലായി.
20 അടിയോളം താഴ്ചയുള്ള കുഴിയിൽനിന്ന് വെള്ളം വരുന്നുമുണ്ട്. നിലമ്പൂർ തഹസിൽദാർ, ജിയോളജി ഉദ്യോഗസ്ഥർ എന്നിവരെ വിവരം അറിയിച്ചു.
കൺട്രോൾ റൂം തുടങ്ങി
കാളികാവ്: കാലവർഷം ശക്തമായതോടെ കാളികാവ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഫോൺ: 04931 257242.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.