നിലമ്പൂര്‍: തിങ്കളാഴ്ച മലയോരത്ത് അനുഭവപ്പെട്ടത് അതിതീവ്രമഴ. രാവിലെ എട്ടര മുതൽ വൈകീട്ട് നാലര വരെയുള്ള എട്ടുമണിക്കൂറിനുള്ളിൽ മുണ്ടേരിയിൽ 69.5, പാലേമാട് 54.5, നിലമ്പൂർ 46.5 മി.മീറ്റർ മഴ രേഖപ്പെടുത്തി. സാധാരണഗതിയിൽ 24 മണിക്കൂറിനുള്ളിൽ 64.5 മി. മീറ്റർ മഴ അനുഭവപ്പെട്ടാൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തുക. എട്ടു മണിക്കൂറിനുള്ളിൽ ഇത്രയും തോത് കാണുന്നത് അതിതീവ്രമഴയായാണ് കണക്കാക്കുക. ചാലിയാറിലും പോഷക നദികളിലും രാവിലെ മുതൽ വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടുതുടങ്ങി.
ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ വയനാട് ജില്ലയിലെ മേപ്പാടി, ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തതിനാൽ ചാലിയാറിലും പോഷക നദികളായ നീർപുഴ, അരണപുഴ, അയനിപുഴ, കാരാടൻപുഴ, കൊടിഞ്ഞിപുഴ എന്നിവയിലെല്ലാം ജലനിരപ്പ് കാര്യമായി ഉയർന്നു.
സുരക്ഷ മുൻകരുതലിന്റെ ഭാഗമായി പുഴയോര വാസികളോട് കുടുംബവീടുകളിലേക്കോ, മറ്റു സുരക്ഷിത ഭാഗങ്ങളിലേക്കോ മറി താമസിക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ വെളിയന്തോട് ഭാഗത്ത് റോഡിലേക്ക് വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ അന്തർസംസ്ഥാന പാതയിൽ ഗതാഗത കുരുക്കുണ്ടായി. നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജെ.സി.ബിയുടെ സഹായത്തോടെ റോഡും സമീപത്തെ തോടും ശുചീകരിച്ച് വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
എടക്കര: അതിശക്തമായ മഴയെത്തുടര്‍ന്ന് മലയോര മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു. പുന്നപ്പുഴയുടെ മുപ്പിനി കടവിലെ കോസ് വേയും പാണ്ടിപ്പുഴയുടെ മണക്കാട് കടവിലെ പാലവും വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നാണ് മേഖലയിലെ പുഴകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയത്. തിങ്കളാഴ്ച വയനാട് മേപ്പാടി ചൂരല്‍മല ഭാഗങ്ങളിലും അതിര്‍ത്തി വനമേഖലകളിലും അതിശക്തമായ മഴ പെയ്യുകയാണ്. വെള്ളരിമല, മുണ്ടക്കൈ പുഞ്ചിരിവട്ടം ഭാഗത്ത് ജനവാസമില്ലാത്ത മേഖലയില്‍ മലയിടിച്ചില്‍ ഉണ്ടായതായി പറയുന്നു.
ഇതോടെയാണ് ചാലിയാര്‍ പുഴ നിറഞ്ഞൊഴുകിയത്. രാവിലെ പത്തോടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുവന്ന കൂറ്റന്‍ ചീനി മരം ചാലിയാര്‍ പുഴയുടെ പൂക്കോട്ടുമണ്ണ റഗുലേര് കം ബ്രഡ്ജിന് ഭീഷണിയായി സമീപത്ത് അടിഞ്ഞിരുന്നു. വൈകുന്നേരമായപ്പോള്‍ വെള്ളം വീണ്ടും ഉയര്‍ന്നതോടെ മരം പാലത്തിനടുത്തേക്ക് ഒഴുകിയെത്തി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നിലമ്പൂരില്‍ നിന്നെത്തിയ അഗ്നിരക്ഷ സേനയും ട്രോമാ കെയര്‍ അംഗങ്ങളും ഡിങ്കി ബോട്ട് ഉപയോഗിച്ച് പുഴയിലിറങ്ങി മരത്തിന്റെ വലിയ കൊമ്പുകള്‍ മുറിച്ച് മാറ്റിയശേഷം വടം ഉപയോഗിച്ച് മരം അതിസാഹസികമായി കെട്ടിയിട്ടു.
തമിഴ്നാട് അതിര്‍ത്തി വനങ്ങളിലും ശക്തമായ മഴ പെയ്തിറങ്ങിയതോടെയാണ് പാണ്ടിപ്പുഴ, പുന്നപ്പുഴ എന്നിവ നിറഞ്ഞൊഴുകിയത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മുപ്പിനി കോസ്വേ വെള്ളത്തിനടിയിലായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഉള്‍വനത്തിലെ ഗോത്ര വര്‍ഗ നഗറുകളില്‍ ആദിവാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങളും മരുന്നുകളും നേരത്തെ അധികൃതര്‍ എത്തിച്ചതിനാല്‍ ഇവര്‍ക്ക് വലിയ ദുരിതമില്ല. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ചാലിയാറിലുണ്ടായതെന്നാണ് ആദിവാസികള്‍ പറയുന്നത്.
കനത്ത മഴയെ തുടർന്ന് പോത്തുകൽ ഗ്രാമപഞ്ചായത്ത്, വില്ലേജ് എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് വിദ്യാലയങ്ങള്‍ ഉച്ചക്ക് വിട്ടു. പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും പൂളപ്പാടം, പാതാര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്തു. ചുങ്കത്തറ, എടക്കര ടൗണുകളിലും വെള്ളം കയറി. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.