ഇന്‍റർനെറ്റ് കാര‍്യക്ഷമമല്ല: വഴിക്കടവ് ചെക്പോസ്റ്റിൽ പെ​ർ​മി​റ്റി​നാ​യി നീണ്ട കാ​ത്തി​രി​പ്പ്

നിലമ്പൂർ: വഴിക്കടവ് ആനമറിയിലെ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ ഇന്‍റർനെറ്റ് സംവിധാനം കാര‍്യക്ഷമമല്ലാത്തതും മതിയായ ജീവനക്കാരില്ലാത്തതും ഇതര സംസ്ഥാന യാത്രക്കാരെ വലക്കുന്നു. സ്പെഷൽ പെർമിറ്റിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വരുന്നത്. ആഘോഷ ദിവസങ്ങളിലും ഊട്ടിയിലെ സീസണിലും നൂറുകണക്കിന് വാഹനങ്ങളാണ് നാടുകാണി ചുരം കയറുന്നത്.

ചെക്ക്പോസ്റ്റിൽ ഒരു കമ്പ‍്യൂട്ടറും ഒരു പ്രിന്‍ററും മാത്രമാണുള്ളത്. ഇവ പഴക്കമേറിയതുമാണ്. ശനിയാഴ്ച 10 തവണയാണ് പ്രിന്‍റർ തകരാറിലായത്. ഉദ്യോഗസ്ഥരായി ഒരു മോട്ടോർവാഹന വെഹിക്കിൾ ഇൻസ്പെക്ടറും ഒരു അസി. മോട്ടോർവാഹന ഇൻസ്പെക്ടറും മാത്രം. അതിനാൽ, ഒരു വാഹനത്തിന് സ്പെഷ‍ൽ പെർമിറ്റ് നൽകുന്നതിന് 15 മിനിറ്റിലധികം എടുക്കുന്നു. ശനിയാഴ്ച രാവിലെ ആറിന് ചെക്ക്പോസ്റ്റിലെത്തിയ കുടുംബത്തിന് പെർമിറ്റ് ലഭിച്ച് പുറപ്പെടാനായത് ഒമ്പതോടെയാണ്.

പെരുന്നാൾ ദിനമായ ചൊവാഴ്ച 332, ബുധനാഴ്ച 430, വ‍്യാഴാഴ്ച 380, വെള്ളിയാഴ്ച 460, ശനിയാഴ്ച 413 സ്പെഷ‍ൽ പെർമിറ്റുകളാണ് നൽകിയത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി സ്പെഷ‍ൽ പെർമിറ്റ് വിതരണത്തിലൂടെ 4,16,550 രൂപയാണ് സർക്കാറിന് ലഭിച്ചത്.

വാഹനങ്ങൾ മണിക്കൂറുകൾ റോഡരികിൽ നിർത്തിയിടുന്നതിനാൽ അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി മറ്റു വാഹനങ്ങൾക്കും പ്രയാസമാകുന്നു. ആഘോഷ ദിവസങ്ങളിൽ ചെക്ക്പോസ്റ്റിൽ കൂടുതൽ ജീവനക്കാരെയും മതിയായ ഇന്‍റർനെറ്റ് സംവിധാനവും ഒരുക്കിയാൽ പ്രശ്നത്തിന് പരിഹാരമാവും. കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ ഓൺലൈൻ വഴി സ്പെഷൽ പെർമിറ്റ് എടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Internet Inefficient: Long wait for a permit at the checkpost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.