നിലമ്പൂർ: കോവിഡ് ഇളവുകൾ വന്ന സാഹചര്യത്തിൽ നാടുകാണി ചുരം വഴി നീലഗിരി ജില്ലയിലേക്കുള്ള ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് സർവിസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. നിലമ്പൂർ, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്ന് നാലുവീതം എട്ട് മലബാർ ബസുകളാണ് നാടുകാണി ചുരം വഴി ഗുഡല്ലൂരിലേക്ക് സർവിസ് നടത്തിയിരുന്നത്. ഈ സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതിവേണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ ഡിപ്പോ യൂനിറ്റിലെ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അബ്ദുൽ നാസർ, മുൻ ട്രാൻസ്പോർട്ട് ഓഫിസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നീലഗിരി സബ്കലക്ടറെ കണ്ടിരുന്നു. എന്നാൽ, അനുമതി ലഭിച്ചിട്ടില്ല.
മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ നിരവധി കുടുംബങ്ങളാണ് ദിനംപ്രതി വഴിക്കടവ് വഴി മലപ്പുറം പെരിന്തൽമണ്ണ കോഴിക്കോട് ഭാഗത്തേക്കും വൈത്തിരി പാട്ടവയൽ വഴി വയനാടിെൻറ വിവിധഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്. നാടുകാണി ചുരം വഴി ജീപ്പുകൾ പാരൽ സർവിസുകൾ ആരംഭിച്ചുണ്ടെങ്കിലും അമിത നിരക്കാണ്. സ്വന്തമായി ടാക്സി വിളിച്ച് നീലഗിരി ജില്ലയിൽ പോയിവരണമെങ്കിൽ 3000 മുതൽ 4000 രൂപ വരെ വാടകയായി നൽകണം.
രാവിലെ ഗൂഡല്ലൂരിൽനിന്ന് പുറപ്പെടുന്ന പെരിന്തൽമണ്ണ-ഗൂഡല്ലൂർ മലബാർ ബസിന് ദിനംപ്രതി 21,000 രൂപയുടെ കലക്ഷനാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്. ഇതുസംബന്ധിച്ച് ഗൂഡല്ലൂരിലെ സാമൂഹ്യപ്രവർത്തകൻ ടി. രഘുനാഥ് കേരള ട്രാൻസ്പോർട്ട് അധികൃതർക്കും വകുപ്പ് മന്ത്രിക്കും നിവേദനമയച്ചിട്ടുണ്ട്. നീലഗിരി ജില്ല കലക്ടറുടെ അനുമതി ലഭിക്കാത്തത് മൂലം നാടുകാണി ചുരം വഴി സർവിസ് നടത്തിയിരുന്ന കോട്ടയം-നിലമ്പൂർ-ബംഗലൂരു സൂപ്പർ ഡീലക്സ് പാലക്കാട് വഴി ആക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.