നിലമ്പൂർ: ജനമൈത്രി പൊലീസിെൻറ ഇടപെടലിലൂടെ ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളി സുപ്രീം കോളനിക്കാർക്ക് വിവിധയിടങ്ങളിൽനിന്ന് സഹായമെത്തി. മേലേ തോട്ടപ്പള്ളി ഉൾക്കാട്ടിൽ നായ്ക്കർ വിഭാഗത്തിൽപ്പെട്ട പിഞ്ചുകുട്ടികളടങ്ങുന്ന മൂന്ന് കുടുംബം പട്ടിണിയിലാണെന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിലമ്പൂർ പൊലീസിന് ലഭിച്ചത്.
ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ നിർദേശപ്രകാരം അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ടാർപോളിൻ ഷീറ്റ്, ടോർച്ച്, ബാറ്ററി, സുമനസ്സുകളുടെ സഹായത്താൽ കിട്ടിയ അരി, പച്ചക്കറികൾ എന്നിവയുമായാണ് നിലമ്പൂർ എസ്.ഐ അസൈനാറിെൻറ നേതൃത്വത്തിൽ പൊലീസ് കോളനിയിലെത്തിയത്. അത്യാവശ്യ ധാന്യവും മതിയായ വെളിച്ചവും ഇല്ലാതെ, ചോർന്നൊലിക്കുന്ന കൊച്ചു കുടിലുകൾക്കുള്ളിൽ കഴിയുന്ന 15ഓളം മനുഷ്യരെയാണ് പൊലീസ് കണ്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് റേഷൻ കാർഡുള്ളത്.
ആധാർ കാർഡ് ഇല്ലാത്തതാണ് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ കാരണമായി പറയുന്നത്. പ്രളയത്തിൽ നശിച്ച വൈദ്യുതി കമ്പികൾ പൊട്ടിവീണ് കാടുപിടിച്ചതോടെ വെളിച്ചവുമില്ല. ലോക്ഡൗൺ കാരണം ഓൺലൈൻ പഠനത്തിന് ഒരു സാധ്യതയുമില്ലാത്തതിനാൽ കുട്ടികളുടെ പഠനവും മുടങ്ങി. കോളനി വനം വകുപ്പ് പരിധിയിലായതിനാൽ റോഡ് നന്നാക്കാനും പറ്റാത്ത സ്ഥിതിയാണ്.
ദുർഘടം പിടിച്ച വനപാതയും ആനശല്യവും കോളനിക്കാർക്കും പ്രദേശത്തെ കർഷകർക്കും ഏറെ ദുരിതമാണ്. സന്ദർശന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ സഹായഹസ്തവുമായി പലരും പൊലീസിനെ സമീപിച്ചു. നിലമ്പൂർ പീവീസ് സ്കൂൾ മാനേജർ പി.വി. അലി മുബാറക്ക് കോളനി കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വാഗ്ദാനം ചെയ്തു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടിയുണ്ടായി. പ്രവാസികളും അഭ്യുദയകാംക്ഷികളും സഹായ സഹകരണങ്ങളുമായി മുന്നോട്ടു വന്നു.
നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ ഫൈസൽ, നിലമ്പൂർ ഡിവിഷൻ വൈദ്യുതി വകുപ്പ് എൻജിനീയർ മൂർത്തി, എ.ഇമാരായ രഞ്ജിത്, ഓവർസിയർമാരായ രാധാകൃഷ്ണൻ, ഷിജോ, കോഴിപ്പാറ വനം ഔട്ട് പോസ്റ്റ് ചാർജ് ഓഫിസർ, അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ ബി.എഫ്.ഒ ഷാജൻ എന്നിവർ കോളനിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ ആരംഭിച്ചു. പൊലീസ് നൽകിയ ടാർപോളിൻ ഷീറ്റ് കൊണ്ട് കോളനിക്കാർ രണ്ട് ദിവസം കൊണ്ട് പുതിയ കുടിലുകൾ കെട്ടിയുണ്ടാക്കി. കാടിെൻറ മക്കൾക്ക് പൊറോട്ടയും കറികളും പലഹാരങ്ങളുമായാണ് പൊലീസ് കോളനിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.