കാളികാവ്: പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇരട്ടവീടുകൾ ഒറ്റവീടാക്കണമെന്ന ആവശ്യം പരിഗണിച്ച് ലൈഫ് ഭവനപദ്ധതിയിൽ പരിഗണിക്കാൻ സാധ്യത വന്നതോടെ ചോക്കാട് വാളക്കുളം ലക്ഷംവീട് കോളനിക്കാർ പ്രതീക്ഷയിൽ. ലൈഫ് ഭവനപദ്ധതിയിൽ 12 കുടുംബങ്ങളുടേയും അപേക്ഷ ചോക്കാട് പഞ്ചായത്ത് സ്വീകരിച്ചു. 1973ൽ അനുവദിച്ച എം.എൻ. ഗോവിന്ദൻ സ്മാരക ലക്ഷംവീടുകളിൽപെട്ടതാണ് ചോക്കാട് വാളക്കുളം കോളനിയിലെ ഈ ഇരട്ടവീടുകൾ. ഒരുവീടിെൻറ രണ്ടു വശങ്ങളിലായി രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്.
ആറ് വീടുകളിലായി വികലാംഗരും വിധവകളും നിരാലംബരുമായ 12 കുടുംബങ്ങളാണ് കഴിയുന്നത്. ഇടിഞ്ഞുപൊളിഞ്ഞ് അപകടാവസ്ഥയിലാണ് മിക്കവീടുകളും. ജീർണിച്ച വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നേരത്തെ ഇത്തരം വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നിയമതടസ്സമുണ്ടായിരുന്നു. ഈ തവണ അത്തരം നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. കോളനിക്കാർ ജില്ല കലക്ടർക്കും വകുപ്പ് മന്ത്രിക്കും നൽകിയ പരാതിയെ തുടർന്ന് റിപ്പോർട്ട് തേടിയിരുന്നു.
ജീർണിച്ച വീടുകളാണെന്നും വാസയോഗ്യമല്ലെന്നും പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടർക്കും വകുപ്പ് മന്ത്രിക്കും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താനാകുമെന്ന് അറിഞ്ഞത്. വല്ലാഞ്ചിറ ബഷീർ, പാത്തുമ്മ, റംലത്ത്, മൂഹമ്മദ്, അയ്യപ്പൻ, രമചന്ദ്രൻ, സാറ, റുഖിയ, നബീസ, അലവി, ജസീല, സാജിത എന്നിവരാണ് ചോക്കാട് പഞ്ചായത്ത് മുഖേന ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ നൽകിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.