നിലമ്പൂർ: കോവിഡ് കാലത്ത് വിപണി കെണ്ടത്താൻ കഴിയാതെ സങ്കടത്തിലായ നേന്ത്രവാഴ കർഷകർക്ക് കൈത്താങ്ങായി കർഷക സമിതിയും കൃഷിഭവനും ഒപ്പം പഞ്ചായത്തും. മൂവർസംഘം കൈകോർത്തതോടെ കക്കാടംപൊയിലിൽ നിന്ന് ഞായർ, തിങ്കൾ ദിവസങ്ങളിലായി 22 ടൺ നേന്ത്രക്കുലകളാണ് ഒറ്റ ദിവസം കയറ്റുമതി ചെയ്തത്. കേരളത്തിൽ ഏറ്റവും കൂടുതൽ വാഴ ഒരേ സ്ഥലത്ത് കൃഷിചെയ്തു വരുന്ന പ്രദേശമാണ് കക്കാടംപൊയിൽ.
മലപ്പുറം -കോഴിക്കോട് ജില്ലകളിലായുള്ള ഇവിടത്തെ കൃഷിയിടങ്ങളിൽ 12 ലക്ഷത്തിലേറെ വാഴകളാണ് ഈ വർഷം കൃഷി ചെയ്തുവരുന്നത്. വനത്തോട് ചേർന്നുള്ളതു കൊണ്ടുതന്നെ യഥേഷ്ടം വന്യജീവികളോടും പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ച് മികച്ച വാഴക്കുലകളാണ് വർഷാവർഷം വിളയിക്കുന്നത്. വാളാംതോട്, കോഴിപാറ, മേലെ കോഴിപാറ, നായാടംപൊയിൽ, വെണ്ടേക്കുംപൊയിൽ, തോട്ടപ്പള്ളി, മേലെ തോട്ടപ്പള്ളി പ്രദേശങ്ങളിലെ കർഷകർ വാഴകൃഷിയിലാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. വിളവെടുപ്പ് സമയത്ത് പ്രഖ്യാപിച്ച ലോക്ഡൗണും ട്രിപ്ൾ ലോക് ഡൗണും വാഴ കർഷകരെ വൻ പ്രതിസന്ധിയിലാഴ്ത്തി. പച്ചക്കറി മാർക്കറ്റുകൾ അടഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായ സമയത്താണ് അധികൃതർ കൈത്താങ്ങുമായെത്തിയത്. ചാലിയാർ കൃഷി ഓഫിസർ ടി. ഉമ്മർകോയയുടെ നേതൃത്വത്തിലാണ് പഞ്ചായത്തും കർഷക സമിതിയും ഒത്തുകൂടിയത്.
കർഷകരിൽ നിന്നു സംഭരിച്ച വാഴക്കുലകൾ പാലക്കാട്, കണ്ണൂർ, കൊയമ്പത്തൂർ മാർക്കറ്റിലെത്തിച്ചു.
കഴിഞ്ഞ വർഷവും ഏപ്രിൽ, മേയ് മാസങ്ങളിൽ ഹോർട്ടികോർപ് മുഖേന വാഴക്കുലകൾ സംഭരിച്ച് കൃഷിഭവൻ കർഷകർക്ക് കൈത്താങ്ങായിരുന്നു.
ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി മുഖേന വിള ഇൻഷുർ ചെയ്ത കർഷകർക്ക് ഹെക്ടറിന് 26,250 രൂപ നിരക്കിൽ ധനസഹായം ലഭിച്ചതും, പ്രകൃതിക്ഷോഭത്തിലും വന്യ ജീവി അക്രമണത്തിലും വാഴ നശിച്ച കർഷകർക്ക് കുലച്ചതിന് 300 രൂപ നിരക്കിലും, കുലക്കാത്തതിന് 150 രൂപ നിരക്കിലും ധനസഹായം ലഭിച്ചതും പ്രദേശത്തെ കൂടുതൽ കർഷകരെ വാഴകൃഷിയിലേക്ക് ആകർഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.