നിലമ്പൂർ: സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയതിന് പിടിയിലായ പ്രതികളെ കോടതിയിൽ ഹാജറാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചാലിയാർ അകമ്പാടം സ്വദേശികളായ കല്ലുങ്ങൽ നിഷീദ് (40), എണ്ണിശ്ശേരി സനോഫർ (41), നിലമ്പൂർ മണലോടി സ്വദേശി കറുത്തേടത്ത് അബ്ദുൽ മജീദ് (42) എന്നിവരെയാണ് കൂടുതർ അന്വേഷണത്തിന് നിലമ്പൂർ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയത്. വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങിയ അബ്ദുൽ മജീദിനെ വൈകീട്ട് കോടതിയിൽ ഹാജറാക്കി ജാമ്യം നൽകി.
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദേശപ്രകാരം നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയാണ് ഇടപാട് നടന്നിരുന്നത്. ആളുകൾ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകൾ രേഖപ്പെടുത്തി ഒരു നമ്പറിന് 10 രൂപ വീതം ഈടക്കും. അതത് ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകൾ ഒത്തുനോക്കിയാണ് പണം നൽകിയിരുന്നത്. ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 5000 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കും.
നിഷീദ്, സനോഫർ എന്നിവരെ അകമ്പാടത്തുനിന്നും അബ്ദുൽ മജീദിനെ ചക്കാലക്കുത്തുനിന്നുമാണ് പിടികൂടിയത്. നിഷീദും സനോഫറും ഗൂഗ്ൾ പേ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇവരിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അബ്ദുൽ മജീദിൽനിന്ന് 9480 രൂപയും മൂന്നക്ക നമ്പറുകൾ എഴുതിയ സ്ലിപ്പുകളും രണ്ട് മൊബൈൽ ഫോണും ബൈക്കും പിടിച്ചെടുത്തു. പ്രതികളുടെ വാട്സ്ആപ് സന്ദേശങ്ങൾ പരിശോധിച്ച് ഇടപാടുകാരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. എസ്.ഐമാരായ ടി.എം. സജിനി, എ. രാജൻ, ടി. മുജീബ്, സീനിയർ സി.പി.ഒമാരായ ജംഷാദ്, ഷിഫിൻ കുപ്പനത്ത്, സി.പി.ഒ സജേഷ്, ബിജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.