മാവോവാദി വേട്ട: നാടുകാണിയിൽ കർശന പരിശോധന

നിലമ്പൂർ: വയനാട്ടിലെ പടിഞ്ഞാത്തറയിൽ മാവോവാദി കൊല്ലപ്പെട്ടതി​െൻറ പശ്ചാത്തലത്തിൽ നക്സൽ വിരുദ്ധ സേനയായ തണ്ടർബോൾട്ടി‍െൻറ സാന്നിധ‍്യത്തിൽ കേരള പൊലീസ് നാടുകാണി ചുരം മേഖലയിൽ പരിശോധന കർശനമാക്കി. ചൊവ്വാഴ്ച രാവിലെ 9.15ഓടെ കാപ്പിക്കളം മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്. സംഘത്തിൽനിന്നും പരിക്കുകളോടെ ഓടിരക്ഷപ്പെട്ട മാവോവാദികൾ നിലമ്പൂർ വനത്തിലേക്ക് റോഡ് മാർഗവും വനമേഖല വഴിയും കടക്കാൻ സാധ‍്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിലാണിത്. ഓടിരക്ഷപ്പെട്ടവർ മലയാളികളല്ലെന്ന്​ സൂചനയുണ്ടെങ്കിലും ഇവർ നിലമ്പൂർ വനത്തിലേക്ക്​ വരാൻ സാധ‍്യതയുണ്ടെന്നാണ് പൊലീസി‍െൻറ വീക്ഷണം.

ചുരം ഇറങ്ങുന്ന ചെറുതും വലുതുമായ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ്​ കടത്തിവിടുന്നത്. കോവിഡ് മൂലം ചുരത്തിലൂടെയുള്ള യാത്രാവാഹനങ്ങൾക്ക് കേരള, തമിഴ്നാട് സർക്കാറുകൾ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അത‍്യാവശ‍്യ വാഹനങ്ങൾ മാത്രമാണ് ഇതുവഴി വരുന്നത്. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമില്ല.

നാടുകാണി ചുരം വനമേഖലയിലും തമിഴ്നാട് സ്പെഷ‍ൽ ചെക്​പോസ്​റ്റിലും പരിശോധന കർശനമാക്കി. അതിർത്തി പ്രദേശമായ ആനമറിയിലെ എക്സൈസ്, വനം ചെക്ക്പോസ്​റ്റുകളിലും പരിശോധന സജീവമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.