കരുവാരകുണ്ട്: വാട്സ്ആപ് നറുക്കെടുപ്പിൽ ജേതാവാണെന്ന് അറിയിച്ച് റിസർവ് ബാങ്കിെൻറ പേരിൽ തട്ടിപ്പിന് ശ്രമം. സ്വീഡനിൽ നടന്ന വാട്സ്ആപ് ഗ്ലോബൽ നറുക്കെടുപ്പിൽ വിജയിയാണെന്നും 1.85 കോടി രൂപക്ക് അർഹയാണെന്നും ഇ മെയിൽ വഴി അറിയിച്ചാണ് തട്ടിപ്പ്. നീലാഞ്ചേരി കിളിക്കുന്നിലെ തെച്ചിയോടൻ ലൈലാബിക്കാണ് കഴിഞ്ഞ ദിവസം ഇങ്ങനെ അറിയിപ്പ് വന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇൻറർനാഷനൽ റെമിറ്റൻസ് ഡിപാർട്ട്മെൻറിൽ നിന്ന് എന്ന് പറഞ്ഞാണ് മെയിൽ വന്നിരിക്കുന്നത്.
'2020 ജൂൺ 15ന് തിങ്കളാഴ്ച സ്വീഡനിൽ നടന്ന വാട്സ്ആപ് നമ്പറുകളുടെ ആഗോള നറുക്കെടുപ്പിൽ താങ്കളുടെ വാട്സ്ആപ് നമ്പറാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1.85 കോടി രൂപയാണ് സമ്മാനം. ഡൽഹിയിലെ സ്വീഡൻ ഹൈകമീഷനിൽ നിന്ന് തുക ലഭിക്കും' -എന്നാണ് സന്ദേശത്തിലുള്ളത്. റിസർവ് ബാങ്കിേൻറതെന്ന രൂപത്തിലുള്ള ഫയൽ നമ്പർ, റഫറൻസ് നമ്പർ, ബാച്ച് നമ്പർ, സീരിയൽ നമ്പർ എന്നിവയും നൽകിയിട്ടുണ്ട്. ഇതിെൻറ സർവിസ് ചാർജിനത്തിൽ 24,300 രൂപ അടക്കണമെന്ന നിർദേശവും ഫോൺ സന്ദേശം വഴി ലൈലക്ക് ലഭിച്ചു.
ഒരു സ്ത്രീയാണ് ഇംഗ്ലീഷിൽ ഇവരോട് സംസാരിച്ചത്. തുക അടയ്ക്കാമെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ നൽകാമെന്നും പറഞ്ഞു. എന്നാൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗവും നിയമജ്ഞയുമായ ലൈലാബി സർവിസ് ഫീസ് സമ്മാനത്തുകയിൽനിന്ന് പിടിച്ചാൽ മതി എന്ന് അറിയിച്ചതോടെ വിളി നിലക്കുകയായിരുന്നു. കഴിഞ്ഞ വർഷവും ഇവർക്ക് ഇതുപോലെ അറിയിപ്പ് ലഭിച്ചിരുന്നു. അന്ന് രണ്ട് കോടി രൂപയും ലാപ്ടോപും രണ്ട് ആപ്പിൾ ഫോണുകളുമായിരുന്നു 'സമ്മാനം'. ഇത് നാട്ടിൽ നേരിട്ടെത്തിക്കാൻ ഡൽഹിയിൽനിന്ന് വിമാനം വഴി കോഴിക്കോട്ട് വരാൻ 30,000 രൂപ അയച്ചുകൊടുക്കണമെന്നായിരുന്നു ആവശ്യം. വയനാട് എം.പിയുടെ പേഴ്സണൽ അസിസ്റ്റൻറ് വഴി പണമെത്തിക്കാമെന്ന് അറിയിച്ചതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്യുകയായിരുന്നെന്ന് ലൈലാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.